Madhavam header
Above Pot

ഐസിസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു .

ന്യൂഡൽഹി : തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയിലുണ്ടായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) അവകാശവാദം സ്ഥിരീകരിക്കാതെ സുരക്ഷാ ഏജന്‍സികള്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ ഇസ്ലാം മതം സ്വീകരിച്ച അബുബക്കര്‍ എന്നയാള്‍ രക്തസാക്ഷി ആയെന്നാണ് ഐ.എസ് അവകാശവാദം. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ എന്ന ഐ.എസ് രേഖയിലാണ് ഈ പരാമര്‍ശമുള്ളത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐ.എസ് രക്തസാക്ഷി ഇയാളാണെന്നാണ് രേഖയില്‍ പറയുന്നത്.

Astrologer

സിറിയയിലും അഫ്ഗാനിസ്ഥാനിലും മലയാളികള്‍ കൊല്ലപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായി അബുബക്കറിന്റെ യഥാര്‍ത്ഥ പേര് ഐ‌എസ് രേഖയില്‍ പരാമര്‍ശിച്ചിട്ടില്ല. ഇദ്ദേഹം സമ്ബന്നമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത് എന്നതൊഴിച്ചാല്‍ സ്ഥലത്തെക്കുറിച്ച്‌ പോലും സൂചനയില്ല. ഗള്‍ഫിലേക്ക് പോകുന്നതിനുമുമ്ബ് അബുബക്കര്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്നെന്നും ഐ.എസ് രേഖയില്‍ പറയുന്നു.

അതേസമയം ലിബിയയില്‍ മലയാളികള്‍ ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുവരെ സ്ഥിരീകരണമില്ലെന്ന് ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോപ്പിങ് നടത്തുന്നതിനിടെ ലഘുലേഖയിലൂടെയാണ് ഇദ്ദേഹത്തിന് ഇസ്ലാമിനെ പരിചയപ്പെടുത്തിയതെന്നും ഐ.എസ് രേഖയിലുണ്ട്. മുസ്‌ലിംകള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും അറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയെന്നും ഇസ്ലാമിനെക്കുറിച്ച്‌ കൂടുതലറിയാന്‍ അബുബക്കര്‍ ആഗ്രഹിച്ചിരുന്നുവെന്നും രേഖയില്‍ പറയുന്നു.

അന്തരിച്ച അമേരിക്കന്‍ റബിള്‍ റൂസര്‍ അന്‍വര്‍ അല്‍ അവ്‌ലാകിയുടെ പ്രസംഗങ്ങളാണ് അദ്ദേഹത്തെ ഐ.എസിലേക്ക് നയിച്ചത്. ഐ‌എസില്‍ ചേര്‍ന്ന മറ്റ് മലയാളികളെപ്പോലെ പലായനം ചെയ്യാന്‍ അബുബക്കര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഗള്‍ഫിലെ കമ്ബനിയുമായുള്ള കരാര്‍ കാലഹരണപ്പെട്ടതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. എന്നാല്‍ പാസ്പോര്‍ട്ടില്‍ ക്രിസ്ത്യന്‍ പേര് ഉണ്ടായിരുന്നതിനാല്‍ ലിബിയയിലേക്കുള്ള യാത്ര എളുപ്പമായെന്നും രേഖയില്‍ പറയുന്നു. രാജ്യത്ത് എത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കര്‍ കൊല്ലപ്പെട്ടെന്നും ഐ.എസ് വ്യക്തമാക്കുന്നു.

അതേസമയം സുരക്ഷാ ഏജന്‍സികള്‍ ഇതുവരെ ഈ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. രേഖയില്‍ പറയുന്ന സംഭവങ്ങള്‍ ഏതു കാലഘട്ടത്തിലാണ് നടന്നതെന്നതിലും വ്യക്തതയില്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും ശക്തികേന്ദ്രങ്ങള്‍ ഇല്ലാതായതോടെ ഐ‌എസ്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐ‌എസില്‍ ചേര്‍ന്ന നിരവധി കേരളീയര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ലിബിയ ആദ്യമായാണ് ചിത്രത്തില്‍ വരുന്നത്.

2014 ല്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി ഐ.എസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരായ ആക്രമണവും കഴിഞ്ഞ വര്‍ഷം ജലാലാബാദിലെ ജയിലുമടക്കം അഫ്ഗാനിസ്ഥാനിലെ നിരവധി ചാവേര്‍ ആക്രമണങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നതായി ഐ.എസ് അവകാശപ്പെട്ടിരുന്നു.

Vadasheri Footer