മലപ്പുറം ജില്ല വിഭജനം ,ആവശ്യം സർക്കാർ തള്ളി

">

തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സര്‍ക്കാര്‍. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ജില്ലാ വിഭജനത്തിന് കോണ്‍ഗ്രസിനും, ലീഗിനും എതിര്‍പ്പില്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ ജില്ല രൂപീകരിക്കണമെന്നും ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

മലപ്പുറം ജില്ല രൂപീകരിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച്‌ കഴിഞ്ഞാഴ്ച ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ കെ.എന്‍.എ ഖാദര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലീഗ് നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറിയിരുന്നു. കോണ്‍ഗ്രസിന്റേയും, ലീഗ് നേതൃത്വത്തിന്റേയും പിന്തുണയോട് കൂടിയാണ് കെ എന്‍ എ ഖാദര്‍ ഇന്ന് ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ചത്. മലപ്പുറം ജില്ലയുടെ വികസനത്തിനും, ഭരണപരമായ സൗകര്യത്തിനും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ല രണ്ടായി വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ എന്‍ എ ഖാദര്‍ ആവശ്യപ്പെട്ടു.

മലപ്പുറം മാത്രമല്ല മൂവാറ്റുപുഴയോ മറ്റോ കേന്ദ്രീകരിച്ച്‌ മറ്റൊരു ജില്ല രൂപീകരിക്കുന്നതും പരിഗണിക്കാമെന്ന് ഖാദര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മറുപടി നല്‍കിയ ഇ പി ജയരാജന്‍ പ്രതിപക്ഷ ആവശ്യം തള്ളി. പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ അടക്കം അധികാര വികേന്ദ്രീകരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors