ഒടുവില്‍ പന്ത് പവാറിന്റെ കോര്‍ട്ടില്‍ , മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍ സി പി ക്ക് ക്ഷണം
മുംബൈ: ഒടുവില്‍ പന്ത് പവാറിന്റെ കോര്‍ട്ടില്‍ , മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവർണർ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. 24 മണിക്കൂറാണ് എൻസിപിക്കും സർക്കാരുണ്ടാക്കാനുള്ള ശക്തി തെളിയിക്കാനായി നൽകിയിരിക്കുന്നത്. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് നൽകിയ സമയം ഇന്ന് വൈകിട്ട് ഏഴരയ്ക്ക് അവസാനിച്ചതിന് പിന്നാലെയാണ് എൻസിപിയെ ഗവർണർ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും ഇതിനായി രണ്ട് ദിവസം കൂടുതൽ സമയം വേണമെന്നും ശിവസേന ഗവർണറെ കണ്ട് അഭ്യർത്ഥിച്ചിരുന്നു എന്നാൽ സമയം നീട്ടി നൽകാൻ ഗവർണർ തയ്യാറായില്ല. സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് കൂടിക്കാഴ്ച നടത്തിയ ശേഷം ആദിത്യ താക്കറെ പറഞ്ഞത്.
മഹാരാഷ്ട്രയിൽ എൻസിപി – ശിവസേന സഖ്യത്തിന് പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായും ശരത് പവാറുമായി വിശദമായ ചർച്ച നടത്തിയെന്നും എൻസിപിയുമായി ഇനിയും ചർച്ചകൾ നടത്തുമെന്നുമാണ് കോൺഗ്രസ് അറിയിക്കുന്നത്.
മാരത്തൺ ചർച്ചകൾക്കും ഫോൺകോളുകൾക്കും ശേഷം ചിത്രം തെളിഞ്ഞുവെന്ന തോന്നലുണ്ടായ ശേഷമാണ് മഹാരാഷ്ട്രയിലെ രാഷട്രീയ കാലാവസ്ഥ വീണ്ടും അപ്രവചനീയാവസ്ഥയിലേക്ക് നീങ്ങിയത്. ഉദ്ധവ് താക്കറെയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം. അഞ്ച് മിനുട്ടോളം നേരം ഫോൺ സംഭാഷണം നീണ്ടു നിന്നു ഇതിന് ശേഷമാണ് ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന സംഘം രാജ്ഭവനിലേക്ക് തിരിച്ചത്. ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നായിരുന്നു എൻസിപി നിലപാട്, അതല്ലെങ്കിൽ മറ്റേതെങ്കിലും മുതിർന്ന നേതാവിന് അവസരം നൽകണമെന്നാണ് നിർദ്ദേശം. ഈ ആവശ്യം പവാർ ഉദ്ധവ് താക്കറയെ നേരിട്ട് അറിയിച്ചിരുന്നു.
കേന്ദ്രമന്ത്രി പദം രാജിവച്ച് എൻഡിഎയിൽ നിന്ന് പൂർണമായി വിട്ട് വന്നാൽ മാത്രേമേ പിന്തുണയ്ക്കൂ എന്ന എൻസിപിയുടെ ആവശ്യം പോലെ തന്നെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് ഇന്ന് രാവിലെ രാജി സമർപ്പിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് 44 സീറ്റുകളാണ് ഉള്ളത്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇടിഞ്ഞു. ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ ‘വല്യേട്ട’നോട് 50:50 ഫോർമുല വേണണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്ത ബിജെപി സർക്കാരുണ്ടാക്കാനാകില്ലെന്ന് ഗവർണറെ അറിയിച്ചു.