മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സിന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം : കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തൃശൂർ : സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും വീഴ്ചവരുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Above Pot

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാതൃഭൂമി ന്യൂസിലെ വിപിന്‍ ചന്ദിന്റെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്‌സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്…
കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്…
രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങള്‍, ( മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍, ഗോവ, മണിപ്പൂര്‍) മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്…


ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്…
അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനവും ….
ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്..
യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍…
അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ
ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു…..