കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ. എം .ലീലാവതിക്ക്
ഗുരുവായൂർ : കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ. എം ലീലാവതിക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.മലയാള സാഹിത്യനിരൂപണമേഖലയിലെ പ്രധാനപ്പെട്ട സ്ത്രീസാന്നിധ്യമാണ് ഡോ. എം. ലീലാവതിയുടേത്. നാല്‍പതുകളിലാണ് അവര്‍ മലയാളസാഹിത്യത്തിലേക്കു കടക്കുന്നത്. ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച കുട്ടികൃഷ്ണമാരാരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അത്. ആ ലേഖനം എഴുതിയത് സ്ത്രീയല്ലെന്നും സ്ത്രീയുടെ പേരില്‍ ഏതോ പുരുഷനെഴുതിയതാണെന്നും വിശ്വസിച്ചവരുണ്ടായിരുന്നു.
സെപ്തംബര്‍ 16-ന് 94ാം വയസ്സിലേക്ക് കടന്ന ലീലാവതി ടീച്ചര്‍ സാഹിത്യ നിരൂപണം, അധ്യാപനം, ജീവചരിത്ര രചന, വിവര്‍ത്തനം, കവിത തുടങ്ങിയ മേഖലകളില്‍ സജീവമായിരുന്നു. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലി അവരുടെ പ്രത്യേകതയാണ്.
കവിതയായിരുന്നു ടീച്ചര്‍ക്ക് എന്നും പ്രിയപ്പെട്ട സാഹിത്യ രൂപം. മലയാളത്തിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ വായനക്കാരിലേക്ക് അടുപ്പിച്ചതില്‍ ടീച്ചര്‍ക്ക് വലിയ പങ്കുണ്ട്.
പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെയുളള നിരൂപണശൈലിയാണ് ടീച്ചറുടെത്. വ്യക്തിഹത്യയിലേക്ക് കടന്നില്ല എന്നതുകൊണ്ട് പഠന, ഗവേഷണ രംഗങ്ങളില്‍ സ്വീകാര്യമായ ശൈലിയായി അവരുടെ നിരൂപണരീതി വിലയിരുത്തപ്പെടുന്നു.
കാവ്യനിരൂപണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ടീച്ചര്‍ കവിത, നോവല്‍, ചെറുകഥ, മറ്റു സാഹിത്യശാഖകള്‍, വേദാന്തം എന്നിവയെ മുന്‍നിര്‍ത്തിയും നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്.
സാഹിത്യ ഗവേഷണങ്ങളിലും മനഃശാസ്ത്ര പഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷ ചിന്തകള്‍ ഇണക്കിച്ചേര്‍ത്തുകൊണ്ട് സംവദിക്കുന്ന രീതിയും ടീച്ചറുടെ പ്രത്യേകതകയാണ്. പൗരാണികമായ കൃതികളുടെ പുനര്‍വായനകളിലും ആ കൃതികളുടെ സ്ത്രീപക്ഷ വായനകള്‍ക്ക് പ്രധാന്യം നല്‍കി.
സ്ത്രീപക്ഷ നിരൂപക എന്ന നിലയില്‍ മാത്രമല്ല അധ്യാപക, പഠന, ഗവേഷണങ്ങളിലൂടെയും സാംസ്‌കാരിക സംവാദങ്ങളിലൂടെയും സ്ത്രീപക്ഷ വീക്ഷണങ്ങളിലൂടെയും തനതായ രചനാശൈലി രൂപീകരിച്ച വ്യക്തി എന്നീ നിലകളില്‍കൂടിയാണ് അവരെ സാഹിത്യചരിത്രം അടയാളപ്പെടുത്തുന്നത്. ഈ മേഖലയില്‍ അവരോളം ശക്തമായ മറ്റൊരു സ്ത്രീശബ്ദം കണ്ടെത്തുക പ്രയാസമാണ്.
1927 സെപ്തംബർ 16-ന് ഗുരുവായൂർ കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ് മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
മറ്റ് പുരസ്കാരങ്ങൾ
സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് (1976) – വിശ്വോത്തരമായ വിപ്ലവേതിഹാസം
ഓടക്കുഴൽ അവാർഡ് (1978) – വർണ്ണരാജി
കേരള സാഹിത്യ അക്കാദമി അവാർഡ്(1980) – വർണ്ണരാജി.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1987) – കവിതാധ്വനി
വിലാസിനി അവാർഡ്(2002) – അപ്പുവിന്റെ അന്വേഷണം
ബഷീർ പുരസ്കാരം (2005)
വയലാർ രാമവർമ അവാർഡ്(2007) – അപ്പുവിന്റെ അന്വേഷണം
സി.ജെ.തോമസ് സ്മാരക അവാർഡ്(1989) – സത്യം ശിവം സുന്ദരം
നാലപ്പാടൻ അവാർഡ് (1994) – ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ – ഒരു പഠനം
എൻ.വി.കൃഷ്ണവാര്യർ അവാർഡ്(1994) – ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ – ഒരു പഠനം.
ലളിതാംബിക അന്തർജ്ജനം അവാർഡ്(1999)
പത്മപ്രഭാ പുരസ്കാരം (2001) – സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്
തായാട്ട് അവാർഡ്(2005) – അപ്പുവിന്റെ അന്വേഷണം
ഗുപ്തൻ നായർ സ്മാരക അവാർഡ്(2007)
ബാലാമണിയമ്മ അവാർഡ് (2005)
പത്മശ്രീ പുരസ്കാരം (2008) – മലയാള സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾക്ക്
വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയൽ അവാർഡ് (2010)
സമസ്ത കേരളാ സാഹിത്യ പരിഷത് അവാർഡ് (2010)
എഴുത്തച്ഛൻ പുരസ്‌കാരം (2010) – മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് [6]
മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2012)
ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2015)
വിവർത്തനത്തിനുള്ള 2019ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ബഹുമതി നല്‍കുന്നത്. പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ. എം ലീലാവതി.