സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു നിക്ഷേപകർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു : സി എം സഗീർ .

ചാവക്കാട് : ടൂറിസത്തിനും അനുബന്ധ സംരംഭങ്ങൾക്കും ഏറ്റവും അനുകൂലമായ മേഖലയാണ് ചാവക്കാടെന്നും എന്നാൽ വികസന പ്രവർത്തനങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് ഭരണാധികാരികളുടെതെന്നും പ്രവാസിയും യുവ സംരംഭകനും പ്രാർത്ഥനാ ഗ്രൂപ്പ് ചെയർമാനുമായ സി എം സഗീർ പാലയൂർ അഭിപ്രായപ്പെട്ടു .

ചാവക്കാട് പ്രസ്സ് ഫോറം സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. ചാവക്കാട്ടുകാരായ നിരവധി വൻകിട സംരഭകരുണ്ട് .പക്ഷെ അവരെല്ലാം ചാവക്കാടിനു പുറത്താണ് പ്രോജക്ടുകൾ തുടങ്ങുന്നത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ് അങ്ങിനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം. താൻ അതിന്റെ ഇരയാണെന്നും അദേഹം വ്യക്തമാക്കി . ഗൾഫ് രാജ്യങ്ങളിൽ കോടികൾ ചിലവഴിച്ചു തടാകങ്ങൾ കൃത്രിമമായി പണിയുമ്പോൾ നമ്മുടെ നാട്ടിൽ പ്രകൃതിദത്തമായ മനോഹര ഇടങ്ങൾ മാലിന്യതൊട്ടിയാക്കുകയാണ്

ഗുരുവായൂർ, പാലയൂർ തീർത്ഥാടന കേന്ദ്രങ്ങൾ, കായലും പുഴയും പാടശേഖരങ്ങളും കടലും കനോലി കനാലുമെല്ലാം ഒത്തു ചേർന്ന അപൂർവ മേഖലയാണ് ചാവക്കാട്. ചക്കംകണ്ടം പോലെയുള്ള മനോഹരവും നിരവധി സാധ്യതകളുള്ള പ്രദേശം ഗുരുവായൂരിന്റെ വിസർജ്ജ്യം തള്ളുന്ന ഇടമാക്കിയത് കൊടിയ അക്രമവും ലജ്ജാകരവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ വിസർജ്ജ്യമടക്കമുള്ള മാലിന്യത്തിൽ നിന്നും ചക്കംകണ്ടത്തെ മോചിപ്പിക്കുന്നതിനു നിയമപരമായ പോരാട്ടം ഏതറ്റം വരെയും കൊണ്ടുപോകുമെന്നും അതിനുവേണ്ടിയുള്ള മുഴുവൻ പിന്തുണയും നൽകുമെന്നും സഗീർ പറഞ്ഞു.

ദുബായ്‌ലെ റബ്‌വ അഡ്വെർടൈസിങ് കമ്പനി ഉടമയാണ് ഇദ്ദേഹം. ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിടങ്ങളിലെ 24 രാജ്യങ്ങളിലെ കൊക്കക്കോള പരസ്യം റബ്‌വയാണ് നിയന്ത്രിക്കുന്നത്.ചാവക്കാട് അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള ഓഡിറ്റോറിയത്തിന്റെ നിമ്മാണം അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. പ്രചര ക്ലബ്ബ് മുൻ കയ്യെടുത്ത് ഒരു ഇൻഡോർ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഓഡിറ്റോറിയം ചാവക്കാട് പണിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ് ഫോറം പ്രസിഡണ്ട് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ എം ബാബു . പി ഒ അലിക്കുട്ടി , കെ ടി വിൻസെന്റ്, ക്‌ളീറ്റസ ചുങ്കത്ത്, ഖാസിം സെയ്ത് ,ശിവജി നാരായണൻ, ജോഫി ചൊവ്വന്നൂർ, രഞ്ജിത്ത്‌നാഥ്, ടി ടി മുനേഷ്, എം വി ഷക്കീൽ, ഷെബീർ (ശോഭ) , സി എം അനീഷ് എന്നിവർ സംസാരിച്ചു