തിരഞ്ഞെടുപ്പ് നീട്ടി വെക്കണം , പി.സി. ജോര്‍ജ് സുപ്രീം കോടതിയെ സമീപിച്ചു.
ന്യൂഡല്‍ഹി: ഡിസംബറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷം പാര്‍ട്ടി നേതാവും എം.എല്‍.എയുമായ പി.സി. ജോര്‍ജ് സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത് ഹൈക്കോടതി തള്ളിയിരുന്നു
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് പോളിങ് ബൂത്തില്‍ എത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ പ്രോട്ടോകോള്‍ ലംഘിക്കേണ്ടി വരും. ഏതാണ്ട് ഒന്നര ലക്ഷം പേരാണ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടുക. സ്ഥാനാര്‍ത്ഥിക്ക് ഒപ്പം അഞ്ച് പേര്‍ കൂടി ഇറങ്ങിയാല്‍ ഏഴര ലക്ഷം പേര്‍ പ്രചാരണത്തിനായി ഉണ്ടാകും. ഒരു മാസത്തെ പ്രചാരണം കഴിയുമ്പോള്‍ കേരളത്തിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നും പി.സി. ജോര്‍ജ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമായിരിക്കുമെന്നും അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു മുഖേനെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദീപാവലി അവധിക്കായി കോടതി അടച്ചിരിക്കുന്നതിനാല്‍ ഹര്‍ജി ഇനി നവംബര്‍ 16-ന് ശേഷമേ കോടതിയുടെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയുള്ളു.