Madhavam header
Above Pot

ജ്വല്ലറി തട്ടിപ്പ് കേസ് എം സി കമറുദ്ധീൻ എം എൽ എ അറസ്റ്റിൽ .

കാസ‍ർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‍ർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു കേസുകളിൽ ഇവരെ പ്രതി ചേ‍ർക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. 

ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസിൽ പ്രധാന പരാതിക്കാരെല്ലാം ലീ​ഗ് പ്രവ‍ർത്തകരും അനുഭാവികളുമാണ്. കേസിൽ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാ​ഗം സുന്നികളുടെ ആത്മീയ നേതാവാണ്.  കമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നിൽ കണ്ടും ഇവരുടെ വാക്കുകൾ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാ‍ർ ഫാഷൻ ​ഗോൾഡിൽ പണം നിക്ഷേപിച്ചത്. പ്രശ്നം ഒത്തുതീ‍ർപ്പാക്കാൻ ലീ​ഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങൾ പരാജയപ്പെട്ടിട്ടു പോലും നിരവധി പേ‍ർ ഇതുവരെ പരാതി നൽകാതെ മാറി നിന്നിരുന്നു. കമറുദ്ദീൻ്റെ അറസ്റ്റോടെ ഇവരും ഇനി പരാതിയുമായി പൊലീസിൽ എത്താനാണ് സാധ്യത. 

Astrologer

നിക്ഷേപക തട്ടിപ്പ് കേസ് വിവാദമായതിന് പിന്നാലെ തന്നെ ലീ​ഗ് നേതൃത്വം ഇക്കാര്യത്തിൽ കമറുദ്ദീനെ ബന്ധപ്പെട്ടെങ്കിലും പരാതിക്കാ‍ർക്ക് നഷ്ടപരിഹാരം നൽകി കേസുകൾ ഒത്തുതീ‍ർപ്പാക്കുും എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ഈ വാക്ക് വിശ്വസിച്ച് ലീ​ഗ് നേതൃത്വവും പ്രശ്നത്തിൽ തണുത്ത സമീപനമാണ് സ്വീകരിച്ചത്. എന്നാൽ കൂടുതൽ പേ‍ർ പരാതികളുമായി രം​ഗത്തു വരികയും വിഷയം മാധ്യമങ്ങളേറ്റെടുക്കുകയും ചെയ്തതോടെയാണ് ലീ​ഗ് നേതൃത്വം പാണക്കാടേക്ക് കമറൂദ്ദിനെ വിളിപ്പിച്ചതും കല്ലട്ര മാഹിൻ ഹാജിയെ പ്രശ്നത്തിൽ മധ്യസ്ഥനായി നിശ്ചയിച്ചത്. 

കമറുദ്ദീൻ്റെ ആസ്തി വകകൾ വിറ്റ് നിക്ഷേപക‍ർക്ക് പണം തിരികെ നൽകാനുള്ള നീക്കം ആരംഭിച്ചതോടെയാണ് ഇയാളുടെ പേരിൽ കാര്യമായി സ്വത്തില്ലെന്നും വീട് പോലും ബാങ്ക് ലോണിലാണ് നി‍ർമ്മിച്ചതെന്നും ലീ​ഗ് നേതാക്കൾക്ക് മനസിലായത്. ഇതോടെ ഇവരും രം​ഗത്ത് നിന്നും മാറുകയായിരുന്നു. 

കേസിൽ കമറുദ്ദീൻ്റെ കൂട്ടുപ്രതിയും ഫാഷൻ ​ഗോൾഡ് എംഡിയുമായ പൂക്കോയ തങ്ങളേയും പൊലീസ് ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. കമറൂദ്ദിനൊപ്പം ഇദ്ദേഹത്തേയും അറസ്റ്റ് ചെയ്തുവെന്നാണ് സൂചന. ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തിനിൽക്കുന്ന ഘട്ടത്തിലുണ്ടായ അറസ്റ്റ് യുഡിഎഫിനും മുസ്ലീംലീ​ഗിനും കനത്ത ആഘാതമാണ് സൃഷ്ടിക്കുക. എന്നാൽ കമറൂദ്ദിനെ നേരത്തെ തന്നെ യുഡിഎഫും ലീ​ഗും തള്ളിപ്പറയുകയും ഒരു തരത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.  

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജ്വല്ലറിയുടെ  ആസ്തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. 

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫും പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞു.

എംസി കമറുദ്ദീന്‍റേത് ബിസിനസ് തകർച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നും  ആവർത്തിച്ച് പറഞ്ഞ് കമറുദ്ദീനൊപ്പം  യുഡിഎഫ് നേതാക്കളെല്ലാം നേരത്തെ ഉറച്ച് നിന്നിരുന്നു. എന്നാൽ പഴയ നിലപാട് മാറിയെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കല്ലട്ര മാഹിൻ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള നീക്കം നേരത്തെ മുസ്ലീംലീഗ് നടത്തിയിരുന്നു. 

എന്നാൽ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചിലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തിൽ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു. നിർണായക പ്രതിസന്ധിയിൽ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് എംസി കമറുദ്ദീൻ.

Vadasheri Footer