ലൈഫ് മിഷൻ, സ്പോൺസർ പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിച്ചു : ജി ശങ്കർ
തിരുവനന്തപുരം:.വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം , ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിർത്തുകയാണെന്ന് അറിയിച്ചുവെന്ന് പദ്ധതിയുടെ മുൻ കൺസൽട്ടൻറായ ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ. . സ്പോൺസർ പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ശങ്കർ വെളിപ്പെടുത്തി.
ലൈഫ് ഇടപാടിലെ ഏറ്റവും പ്രധാന വിഷയം എങ്ങിനെ ഹാബിറ്റാറ്റ് നൽകിയ പദ്ധതി രേഖ ഒഴിവാക്കി യൂണിടെക്ക് രംഗത്തെത്തി എന്നതായിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഫയലുകളിലൊന്നും ഇതിനുള്ള കാരണം ലൈഫ് മിഷൻ പറയുന്നില്ല.
‘പ്രൊജക്ട് മാനേജ്മെൻറ് കൺസൽട്ടൻറ് എന്ന നിലക്കാണ് 234 യൂണിറ്റുള്ള 32 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. തുക കുറക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീട് 203 യൂണിറ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ നൽകി. സ്പോൺസർ നൽകുന്ന സാമ്പത്തിക സഹായത്തിന് അനുസരിച്ച് 15 കോടിയിൽ താഴെ ചെലവ് ചുരുക്കാനാവശ്യപ്പെട്ടു. ലൈഫ് മിഷനും റെഡ് ക്രസൻറുമായുള്ള ധാരണപത്രത്തിന് ശേഷം ജൂലൈ 18നാണ് കത്തിലൂടെ യു വി. ജോസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യൂണിടാക്കിനെ കുറിച്ച് അറിയില്ല. ഹാബിറ്റാറ്റ് നൽകിയ പദ്ധതി രേഖയിൽ യൂണിടാക്ക് എന്ത് മാറ്റം വരുത്തി എന്നും വ്യക്തമല്ല’. പദ്ധതി നിർത്തി എന്നറിയിച്ചതിന് പിന്നാലെ പല കാരണങ്ങളാൽ കഴിഞ്ഞ ഒക്ടോബറോടെ ഹാബിറ്റാറ്റ് ലൈഫ് മിഷൻറെ കൺസൽട്ടൻസി പദവി തന്നെ ഒഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻതുക ക്വാട്ട് ചെയ്തത് കൊണ്ട് ഹാബിറ്റാറ്റിനെ ഒഴിവാക്കി കുറഞ്ഞ തുക നിർദ്ദേശിച്ച യൂണിടാക്കിനെ സ്വീകരിച്ചെന്ന വാദമാണ് ശങ്കറിൻറെ വിശദീകരണത്തോടെ പൊളിയുന്നത്.