വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം , വിദേശ കരാറുകള്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമെന്ന് .
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് ഇടപാടില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. കരാറിനായി കേരളം അനുമതി തേടണമായിരുന്നു. വിദേശ ഏജന്‍സികളുമായി ഒരു കരാറില്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
വിദേശ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. ഭരണഘടനാപരമായി വിദേശകാര്യവും വിദേശ രാജ്യങ്ങളുമായുള്ള കരാറുകളും കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരും റെഡ് ക്രെസന്റുമായി ഒപ്പിട്ട കരാര്‍ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
റെഡ് ക്രെസന്റുമായുള്ള ഇടപാടിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ കേരളം പ്രോട്ടോകോള്‍ പാലിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരുതരത്തിലുള്ള തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. വിദേശ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രാലയം വിലയിരുത്തി.