
ലഹരി വ്യാപനത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേട്: കെ. മുരളീധരൻ

ചാവക്കാട് ∙ ഇന്ന് കേരളത്തിൽ ലഹരി വ്യാപകമായതിന്റെ പ്രധാന കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ആരോപിച്ചു. സർക്കാർ ശക്തമായ നിയന്ത്രണം പുലർത്തിയിരുന്നെങ്കിൽ ലഹരി നിയന്ത്രിക്കാനായേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്‌സൈസിനെയും പൊലീസിനെയും നോക്കുകുത്തിയാക്കി സർക്കാർ ലഹരി മാഫിയയെ കയറൂരി വിട്ടുവെന്നും അതിന്റെ ഭാഗമായാണ് മദ്യത്തിന് ഇന്ന് നൽകുന്ന അമിത പ്രാധാന്യമെന്നും മുരളീധരൻ പറഞ്ഞു. “സർക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണ്. മന്ത്രിമാർ മദ്യം കുടിക്കില്ലെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും, പിന്നെ ആളുകളെ കൊണ്ടു കുടിപ്പിക്കും. അതാണ് സർക്കാരിന്റെ നയം,” – അദ്ദേഹം വിമർശിച്ചു.
പൊലീസ് മർദനത്തിലെ ചർച്ചകളോട് മറുപടി പറയുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടുവെന്നും പഴയ ചരിത്രം പറയാനല്ല അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും മുരളീധരൻ പറഞ്ഞു. “പത്തുവർഷത്തിനിടെ കേരള പൊലീസ് സംവിധാനം തകർന്നു. പൊലീസ് സി.പി.എം. പ്രവർത്തകരുടെ ഏഴാം കൂലികളായി. എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് ഇന്ന് അധികാരത്തിലുള്ളത്,” – അദ്ദേഹം ആരോപിച്ചു.

വോട്ടുചോരിയെക്കുറിച്ചും മുരളീധരൻ കടുത്ത വിമർശനം ഉന്നയിച്ചു. “വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിലായിരുന്നു. വോട്ടു കൊള്ളയെ കുറിച്ച് ഒന്നും മിണ്ടാത്ത ഏക ബി.ജെ.പി.-യിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. ബി.ജെ.പി.യുടെ അടിമയും ബി-ടീമുമായാണ് അദ്ദേഹം മാറിയിരിക്കുന്നത്,” – മുരളീധരൻ ചൂണ്ടിക്കാട്ടി.
കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബസംഗമങ്ങളുടെ രണ്ടാം ഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.
“കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ അതുല്യമായൊരു നാഴികക്കല്ല് അനുസ്മരിക്കാനാണ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 1924-ൽ ബെൽഗാം സമ്മേളനത്തിൽ ഗാന്ധിജി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയപ്പോൾ, കോൺഗ്രസ് ഒരു രാഷ്ട്രീയ സംഘടന മാത്രമല്ല, ജനസേവനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും വലിയൊരു കുടുംബമായി മാറി. ഇന്ന് നടക്കുന്ന കുടുംബസംഗമം ആ പാരമ്പര്യത്തെ ആദരിക്കുകയും, ഗാന്ധിജിയുടെ മൂല്യങ്ങൾ പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിനാണ്,” – മുരളീധരൻ പറഞ്ഞു.
പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി, മാത്‌സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മരക്കാൻ, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ കെ. വി. ഷാനവാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി. മുസ്താഖലി, കെ. എം. ഇബ്രാഹിം, സെക്രട്ടറിമാരായ പി. എ. നാസർ, സി. എസ്. രമണൻ, കെ. കെ. വേദുരാജ്, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, മഹിളാ കോൺഗ്രസ്സ് നേതാക്കളായ മിസിരിയ മുസ്താഖ്, മൂക്കൻ കാഞ്ചന, കെ. ജി. വിജേഷ്, എ. കെ. വേദുരാജ്, ഹനീഫ, ഷൈലജ വിജയൻ എന്നിവർ സംസാരിച്ചു.