ബസ് ടെർമിനൽ നിർമ്മാണം. സഹകരണ സംഘവും നഗരസഭയും വായ്പ ധാരണ പത്രത്തിൽ ഒപ്പിട്ടു.
കുന്നംകുളം : നഗരസഭ ബസ് ടെർമിനൽ നിർമ്മാണം. സഹകരണ സംഘവും നഗരസഭയും വായ്പ ധാരണ പത്രത്തിൽ ഒപ്പിട്ടു. കുന്നംകുളം നരസഭ ബസ് ടെർമിനൽ നിർമ്മാണത്തിനായി കുന്നംകുളം അർബൻ സഹകരണ സംഘത്തിൽ നിന്ന് 8. 75 ശതമാനം പലിശക്ക് 8.5 കോടി രൂപയാണ് വായ്പയെടുക്കുന്നത്. സഹകരണ സംഘത്തിൽ നിന്നും 10 വർഷത്തെ കാലാവധി പ്രകാരമാണ് വായ്പയെടുക്കുന്നത്. നഗരസഭയുടെ മൂന്ന് ഏക്കർ 65 സെന്റ് ബസ് സ്റ്റാന്റ് സ്ഥലത്തിൻമേലാണ് വായ്പ അനുവദിച്ചിട്ടുള്ളത്.
വായ്പ തുകയുടെ ആദ്യ രണ്ടു വർഷം പലിശ മാത്രം അടക്കണം. പിന്നിടുള്ള എട്ടു വർഷം കൊണ്ട് മുതലും പലിശയും അടച്ചു തീർക്കണമെന്നാണ് കരാർ വ്യവസ്ഥ. സംഘം ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ സെക്രട്ടറി കെ.കെ.മനോജ്, സംഘം സെക്രട്ടറി കെ.ഐ.സിൽവി എന്നിവർ വായ്പ ധാരണ പത്രത്തിൽ ഒപ്പിട്ടു. ബസ് ടെർമിനൽ നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിക്ക് മൊത്തം നിർമ്മാണ ചിലവിന്റെ 20 ശതമാനം തുക ആദ്യഘട്ടം നൽകും. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം.സുരേഷ്, സഹകരണ സംഘം പ്രസിഡണ്ട് വി.എഫ്.പിയൂസ്, വൈസ് പ്രസിഡണ്ട് ടി.എ.വേലായുധൻ, മന്ത്രിയുടെ പ്രതിനിധി ടി.കെ.വാസു ,നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ.ആനന്ദൻ, ഗീതാ ശശി, കൗൺസിലർമാരായ സോമൻ ചെറുകുന്ന്, കെ.എ.അസീസ് ,സഹകരണ സംഘം അഭിഭാഷകൻ കെ.എസ്.ബിനോയ്, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.