Madhavam header
Above Pot

കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു

കുന്നംകുളം : കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാഘട്ട ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ യൂണീറ്റുകള്‍ കാഴ്ച്ചവെച്ച മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനകനും സിനി ആര്‍ട്ടിസ്റ്റുകൂടിയായ വികെ ശ്രീരാമാന്‍ മുഖ്യാഥിതിയായിരുന്നു. പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെവി ജ്യോതിഷ് കുമാര്‍ കുടുംബശ്രീ സ്‌കൂളിന്റെ വിഷയാവതരണം നടത്തി.

കുടുംബശ്രീ അംഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയാണ് കുടുംബശ്രീ സ്‌കൂള്‍. കേരളത്തിലെ രണ്ടേമുക്കാല്‍ ലക്ഷത്തോളം വരുന്ന കുടുംബശ്രീ അയ്യല്‍ക്കൂട്ടങ്ങളിലെ 43 ലക്ഷത്തോളം അംഗങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി ഡിസംബര്‍ 1 മുതല്‍ 6 ആഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ ആയിട്ടാണ് കുടുംബശ്രീ സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ 25000 കുടുംബശ്രീ സ്‌കൂളില്‍ 4.25 ലക്ഷം അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പരിശീലന പരിപാടിയുടെ ഭാഗമാകാന്‍ സാധിക്കും.

Astrologer

ഓരോ ആഴ്ചയിലും അയ്യല്‍ക്കൂട്ട യോഗം ചേരുന്ന സമയത്ത് 2 മണിക്കൂര്‍ കുടുംബശ്രീ സ്‌കൂളിനായി മാറ്റി വെയ്ക്കുകയാണ് ചെയ്യുന്നത്. ആറ് ആഴ്ച്ചകളിലായി ആറ് വിഷയങ്ങളില്‍ പരിശീലനം ലഭിക്കും. പഞ്ചായത്ത് നഗരസഭ തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായി ജില്ലാ തലത്തില്‍ നിന്നും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനം പൂര്‍ത്തീകരിച്ചു.

കഴിഞ്ഞ വര്‍ഷത്തിലെ ഒന്നാംഘട്ട കുടുംബശ്രീ സ്‌കൂളില്‍ സംഘടനാ സംവിധാനത്തിനും പദ്ധതികള്‍ക്കുമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ പങ്കാളിത്ത വികസനത്തിലും ആസൂത്രണത്തിലും അയ്യല്‍ക്കൂട്ടങ്ങളെ സജീവമായി പങ്കെടുപ്പിക്കുന്നതിനും, പ്രാദേശിക സാമ്പത്തിക വികസനത്തിലും ഉപജീവനോപാധികള്‍ നേടുന്നതിനും അയ്യല്‍ക്കൂട്ടാംഗങ്ങളെ പ്രാപ്തമാക്കുന്നതിനാണ് കൂടൂതല്‍ പ്രാധാന്യം നല്‍കുന്നത്. പ്രത്യേകമായി ദുരന്തവേളകളില്‍ നാം എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചുമെല്ലാം കുടുംബശ്രീ ചര്‍ച്ച ചെയ്യുന്നുണ്ട്.

കുടുംബശ്രീ അയ്യല്‍ക്കൂട്ടങ്ങളിലേക്ക് കൂടുതല്‍ വനിതകളെ ചേര്‍ക്കുന്നതിനുള്ള നടപടികളെക്കുറിച്ച്, അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും, ഭാരവാഹികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച്, കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അയല്‍ക്കൂട്ടങ്ങളുടെ മിനിറ്റ്‌സും സാമ്പത്തിക കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിനെക്കുറിച്ച്, സാമ്പത്തിക ആസൂത്രണം കുടുംബത്തിലും അയല്‍ക്കൂട്ടത്തിലും എന്ന വിഷയത്തെക്കുറിച്ച്, ഉപജീവനം മൈക്രോ സംരംഭങ്ങളിലൂടെ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍. എല്ലാ ക്ലാസ്സിലും പങ്കെടുത്ത് പഠനം വിജയക്കരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വത്സല പി, തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെബര്‍ കെ ജയശങ്കര്‍, കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എവി സുമതി, മറ്റു പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Vadasheri Footer