
കൊവിഡ് കൂടാൻ കാരണം ടെസ്റ്റ് കുറഞ്ഞതുകൊണ്ടെന്ന് കേന്ദ്രസംഘം..


തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം നിർദേശം നൽകി. ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണം തീരെ കുറവായിരുന്നു. ആരോപണങ്ങൾ ഉയർന്നെങ്കിലും ശാസ്ത്രീയമായ രീതി ആണ് നടപ്പാക്കുന്നത് എന്നായിരുന്നു സംസ്ഥാന സർക്കാർ വിശദീകരണം. ഇതിനെ ആണ് കേന്ദ്ര സംഘം വിമർശിച്ചത്. തുടക്കത്തിൽ തന്നെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയിരുന്നുവെങ്കിൽ രോഗബാധിതരെ കണ്ടെത്താനും രോഗ വ്യാപനം കുറയ്ക്കാനും കഴിയുമായിരുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയുടെ 5 ഇരട്ടി വരെ കൂടിയതെങ്ങനെ എന്നും സംഘം ചോദിച്ചു.
സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിർദേശം നൽകി. വ്യാഴാഴ്ച മുതൽ പരിശോധനകളുടെ എണ്ണം 80000-ത്തിനും മുകളിൽ എത്തിയ കാര്യം ആരോഗ്യ മന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു. നിയമ സഭ തിരഞ്ഞെടുപ്പ് കൂടി എത്തുന്ന സമായമായതിനാൽ രോഗ വ്യാപനം കൂടാൻ സാധ്യത ഉണ്ടെന്നും നിയന്ത്രണം പരമാവധി കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഒരു മാസമായി രോഗവ്യാപനം കൂടുതൽ എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ആണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. കണ്ടെയ്ൻമെന്റ്യ മേഖലകളുടെ പ്രവർത്തനം ഉൾപ്പെടെ സംഘം വിലയിരുത്തിയിരുന്നു >ഇതിനിടെ ദിവസം തോറുമുള്ള ടെസ്റ്റിംഗ് ഫെബ്രുവരി 1 മുതൽ സംസ്ഥാനം കുത്തനെ കൂട്ടിയിട്ടുണ്ട്. ഫെബ്രുവരി ഒന്നാം തീയതി വളരെക്കുറവ് രോഗികൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മൂവായിരത്തോളം രോഗികൾ മാത്രമാണുണ്ടായിരുന്നത്. കാരണം ടെസ്റ്റിംഗ് കുത്തനെ കുറഞ്ഞതായിരുന്നു. മുപ്പത്തിമൂവായിരത്തോളം ടെസ്റ്റിംഗ് മാത്രമാണ് അന്ന് നടത്തിയത്. എന്നാലിത് ഒരാഴ്ച പിന്നിടുമ്പോഴേക്ക്, ഒരു ലക്ഷത്തിനടുത്തേയ്ക്ക് സംസ്ഥാനസർക്കാർ എത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അടക്കം നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ടെസ്റ്റിംഗ് എണ്ണം കൂട്ടിയത്. എണ്ണം കുറയാതെ നിന്നാൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.അതേസമയം, ആർപിസിആർ ടെസ്റ്റുകളുടെ എണ്ണം കുത്തനെ കൂട്ടണമെന്ന നിർദേശം ഇതുവരെ നടപ്പായിട്ടില്ല. ആന്‍റിജൻ ടെസ്റ്റുകൾ തന്നെയാണിപ്പോഴും പരമാവധി നടത്തുന്ന ടെസ്റ്റുകൾ