Header

കോവളത്ത് ഭർത്താവിനെ വധിച്ച് ഭാര്യയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: കോവളം കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും പാറശ്ശാല സ്വദേശിയുമായ അനിൽ കുമാർ എന്ന കൊലുസു ബിനുവിനാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ചന്ദ്രശേഖരന് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

2016 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ. കൊലനടന്ന വീടിന് സമീപം പണ്ട് താമസിച്ചിരുന്ന അനിൽ കുമാറിന് കൊല്ലപ്പെട്ട വ്യക്തിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെട്ടതോടെ നാട്ടുകാർ ഇടപെട്ട് ഇയാളെ പ്രദേശത്ത് നിന്നൊഴിപ്പിക്കുകയും ​ഗൃഹനാഥൻ ഇയാളിൽ നിന്നും അകലുകയും ചെയ്തു. എന്നാൽ ഇയാളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വച്ച അനിൽ കുമാർ രണ്ടാം പ്രതി ചന്ദ്രശേഖരനൊപ്പം കോളിയൂരിൽ തിരിച്ചെത്തി കൊള്ളയും കൊലപാതകവും നടത്തുകയായിരുന്നു.

Astrologer

സംഭവദിവസം രാത്രി വീട്ടിൽ ​ഗൃ​ഹനാഥനും ഭാര്യയും രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നത്. വീട്ടിന്റെ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന ​ഗൃഹനാഥനേയും ഭാര്യയേയും അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ അനിൽകുമാർ ചന്ദ്രശേഖരനും ആക്രമിച്ചു വീഴ്ത്തി. ആക്രമണത്തിൽ തലയ്ക്കും മുഖത്തും വെട്ടേറ്റ ​ഗൃഹനാഥൻ കൊലപ്പെട്ടു. പിന്നീടാണ് വീട്ടമ്മയെ ആക്രമിച്ചതും ബലാത്സം​ഗം ചെയ്ത ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നതും.

ഇത്രയും ക്രൂരമായ ആക്രമണം നടന്നെങ്കിലും വീട്ടിനുള്ളിൽ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ദമ്പതികളുടെ മക്കളോ നാട്ടുകാരോ ഇതറിഞ്ഞില്ല. രാവിലെ ഉറക്കമെഴുന്നേറ്റു വന്ന കുട്ടികൾ ചോരയിൽ കുളിച്ചു കിടക്കുന്ന മാതാപിതാക്കളെ കണ്ട് നിലവിളിച്ചോടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ ബലത്തിൽ വെറും രണ്ട് ദിവസം കൊണ്ടാണ് സിറ്റി പൊലീസ് കമ്മീഷണർ സ്പെർജൻ കുമാറിന്റേയും ഫോർട്ട് എസി കെസ് ​ഗോപകുമാറിന്റേയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. കേസിന്‍റെ വിചാരണയ്ക്കിടെ 76 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. സംഭവത്തിന് ശേഷം തിരുനല്‍വേലിയിലെ ജ്വല്ലറിയിലെത്തി ഒന്നാം പ്രതി അനില്‍കുമാറും ഭാര്യാമാതാവ് അമ്മുക്കുട്ടിയും ചേര്‍ന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണം കൊടുത്ത് പുതിയ സ്വര്‍ണം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം കോടതിയില്‍ എത്തിച്ചിരുന്നു.

ആക്രമണത്തിൽ തലയ്ക്കും മുഖത്തും ​ഗുരുതര പരിക്കേറ്റ വീട്ടമ്മയുടെ തലയോട്ടി പൊട്ടുകയും തലച്ചോറിന് ​ഗുരുതരമായി മുറിവേൽക്കുകയും ചെയ്തു. ഒരു വെട്ട് മുഖത്തും രണ്ടുവെട്ട് തലയിലുമാണ്. ഇടത് ചെവിക്ക് മുകളിലായി തലയ്ക്കേറ്റ വെട്ട് ആഴത്തിലുള്ളതായിരുന്നു. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ സംയോജിച്ചായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീട്ടമ്മയ്ക്ക് ചികിത്സ നൽകിയത്. പലതവണ ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും ഇവർക്ക് ഇതുവരെ ഓർമശക്തി തിരിച്ചുകിട്ടിയിട്ടില്ല.