Madhavam header
Above Pot

കൊട്ടിയൂർ പീഡനം , ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വർഷ കഠിന തടവ്

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. 20 വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. തലശേരി പോക്സോ കോടതി ജഡ്ജി പി.എന്‍ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. കേസില്‍ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടി നിര്‍ദ്ദേശമുണ്ട്. ജീവപര്യന്തം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ആ പെണ്‍കുട്ടിയെയും അവള്‍ പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്തെന്ന് വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി

പീഡനത്തിനിരയായ കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നല്‍കി. സ്പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടര്‍ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്. വൈദികരും കന്യാസ്ത്രീകളും അടക്കം ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു. ഇതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്ന് അറിയിച്ചു

Astrologer

പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസില്‍ പ്രതികളായി. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളില്‍ സുപ്രീംകോടതി വരെ ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്തു.

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂര്‍ത്തി ആയതാണെന്നും കോടതിയില്‍ പെണ്‍കുട്ടി പറഞ്ഞു. റോബിന്‍ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. റോബിനെ രക്ഷിക്കാൻ വേണ്ടി
താൻ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന വാദമുയർത്തി പെൺകുട്ടിയുടെ പിതാവ് രംഗത്ത് എത്തിയിരുന്നു

കേസിലെ ഡിഎന്‍എ പരിശോധന ഫലത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ തന്നെ പ്രമുഖ ഡിഎന്‍എ വിദഗ്ധനായ അഭിഭാഷകന്‍ ജി വി റാവുവിനെ ആണ് വൈദികന്‍ രംഗത്തിറക്കിയത്. എന്നാല്‍, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎന്‍എ ഫലവും പോക്സോ കേസില്‍ നിര്‍ണായകമായി.

കേസില്‍ നിന്നൊഴിവാക്കാന്‍ ഇവര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

പോക്സോ കേസിലെ കൂറുമാറ്റം കൊണ്ട് ശ്രദ്ധ ആകര്‍ഷിച്ച കേസ് ഇതിനാല്‍ തന്നെ വിധി പ്രഖ്യാപനവും നിയമ വൃത്തങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഒരു വര്‍ഷമെത്തും മുന്‍പ് തലശ്ശേരി പോക്സോ കോടതി വിധി പ്രഖ്യാപിച്ചത്.
.
.

Vadasheri Footer