Above Pot

മണര്‍കാട് കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ് മാർട്ടം റിപ്പോർട്ട്

കോട്ടയം: മണര്‍കാട് അരീപ്പറമ്ബില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച മുതലാണ് അമയന്നൂര്‍ തൈക്കൂട്ടം സ്വദേശിനി യായ പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടി അവസാനമായി ഫോണില്‍ സംസാരിച്ചത് മണര്‍കാട് പാലം സ്വദേശി അജേഷുമായാണെന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത അജേഷിനെ വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റ ചുരുളഴിയുന്നത്. വ്യാഴാഴ്ച പെണ്‍കുട്ടിയെ വിളിച്ച്‌ വരുത്തി ലൈംഗികപീഡനത്തിന് ശ്രമിച്ചുവെന്നാണ് അജേഷ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വഴങ്ങാത്തതിനെ തുടര്‍ന്ന് കയറും ഷാളും കഴുത്തില്‍ മുറുക്കിക്കൊന്നുവെന്നായിരുന്നു അജേഷ് നല്‍കിയ മൊഴി. രാത്രിയായപ്പോള്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുഴിച്ച്‌ മൂടുകയായിരുന്നു. മണര്‍ക്കാട് അരീപ്പറമ്ബിലെ ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റിന് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഹോളോബ്രിക്സ് യൂണിറ്റിന് സമീപം പ്രതി താമസിക്കുന്ന മുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു ഇയാളുടെ മൊഴി.
പെണ്‍കുട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടര്‍ന്നു വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

Astrologer

ഈ അവസരത്തില്‍ പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്നു ഈ ഫോണിലേക്ക് അജേഷ് തിരികെ വിളിച്ചപ്പോള്‍ സഹോദരീ ഭര്‍ത്താവാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. പെണ്‍കുട്ടി ഇടയ്ക്ക് പുറത്തു പോകാറുള്ളതിനാല്‍ വൈകിട്ട് തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ കരുതിയത്. രാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കുമ്ബോള്‍ മൊബൈല്‍ ഫോണിലേക്ക് അജേഷിന്റെ വിളി വന്ന വിവരവും ബന്ധുക്കള്‍ പറഞ്ഞു.കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ അജേഷിന്റെ ഒട്ടേറെ കോളുകള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്കു വന്നിരുന്നതായി കണ്ടെത്തി. എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തി അജേഷിനെ കുടുക്കാനായി.

ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തില്‍ കുട്ടികളുണ്ട്. രണ്ടാഴ്ച മുന്‍പ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികില്‍സയ്ക്കു വേണ്ടി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനോടു ചേര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാല്‍ കൊലപാതകം ആരും അറിഞ്ഞുമില്ല.

അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷവും രണ്ടു ദിവസത്തോളം തന്റെ താമസസ്ഥലത്ത് ഒന്നും അറിയാത്ത മട്ടില്‍ പ്രതി നടന്നു. വെള്ളിയാഴ്ച വൈകിട്ട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മാത്രമാണ് അതേ കെട്ടിടത്തില്‍ തന്നെ കുടുംബത്തോടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പോലും സംഭവം അറിയുന്നത്.
വ്യാഴാഴ്ച അജേഷിനെ കാണാന്‍ പെണ്‍കുട്ടി മുറിയില്‍ എത്തിയിരുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു. ഇഷ്ടികക്കളത്തിനോട് ചേര്‍ന്നാണ് അജേഷിന്റെ മുറി. ഇതിനു തൊട്ടു ചേര്‍ന്നു തന്നെ മുപ്പതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്നുണ്ട്. ഇഷ്ടിക നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മുറിയ്ക്കുള്ളില്‍ എന്ത് ബഹളമുണ്ടായാലും പുറത്ത് അറിയില്ല. ഏതു സമയത്തും മദ്യലഹരിയിലായിരുന്ന പ്രതി നാട്ടിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് പോലീസ് പറയുന്നു.

പിതാവിനെ കാണാന്‍ പ്രതിയായ അജേഷ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ പതിവായി എത്തുമായിരുന്നു. ഇങ്ങനെയാണ് സൗഹൃദം സ്ഥാപിച്ചത്. ഇരുവരും ഫോണ്‍ ചെയ്യാറുമുണ്ടായിരുന്നു. അജേഷ് ആദ്യം മണര്‍കാട് സ്വദേശിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. ഇതില്‍ രണ്ട് മക്കളുണ്ട്. ആദ്യഭാര്യയെ ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം ചെയ്തു. ആറു മാസം മുന്‍പ് അവരെയും ഉപേക്ഷിച്ചു.

ആദ്യ ഭാര്യയെ ആക്രമിച്ച കേസിലും പ്രതിയാണ്. ക്രൂരമായി പീഡിപ്പിക്കുന്നതായും, ലൈംഗിക വൈകൃതത്തിനു നിര്‍ബന്ധിക്കുന്നുവെന്നുമായിരുന്നു ആദ്യഭാര്യയുടെ പരാതി. അന്ന് പോലീസ് അജേഷിനെ താക്കീത് ചെയ്ത് വിടുകയായിരുന്നു.

Vadasheri Footer