ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു

Above Pot

ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു.52 വയസ്സായിരുന്നു.പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.രണ്ട് മാസത്തോളമായി അവശനിലയിരുന്നു.ഇന്ന് രാവിലെ പതിനൊന്നരോടെയാണ് ചെരിഞ്ഞത്. .

പൂരങ്ങളില്‍ തലയെടുപ്പുള്ള തൃശ്ശൂര്‍ പൂരത്തിന് വലിയ കേശവന് വലിയ സ്ഥാനമുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാര്‍ക്കാടിയിലും ചീരംകുളത്തുമെല്ലാം ഈ കൊമ്പന്‍ എക്കാലത്തും ഹീറോയാണ്. പൂരം എഴുന്നള്ളിപ്പുകള്‍ കേശവന് വലിയ ഹരവുമാണ്. എഴുന്നള്ളിപ്പുകളുടെ ചിട്ടകളെല്ലാം ഹൃദിസ്ഥമാണ്.

അഴകും ആരോഗ്യവും ഔന്നത്യവും സത്സ്വഭാവവും ഒത്തുചേരുന്നുവെന്നതാണ് വലിയ കേശവന്റെ ഏറ്റുവും വലിയ പ്രത്യേകത. ആരേയും ആകര്‍ഷിക്കുന്ന രൂപഭംഗിയുണ്ട് ഇളംമഞ്ഞ കണ്ണുകള്‍, നല്ല നടയമരങ്ങള്‍, കടഞ്ഞെടുത്തതു പോലുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പി, ഉത്തമമായ ചെവികളും വാലും. 305 സെന്റീമീറ്റര്‍ ഉയരക്കാരനാണ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാര്‍ 2000 മെയ് 9 ന് നടയിരുത്തിയതായിരുന്നു വലിയ കേശവനെ നാകേരി വാസുദേവന്‍ നമ്പൂതിരി തന്റെ പിതാവ് നാകേരി കേശവന്‍ നമ്പൂതിരിയുടെ പേരുതന്നെയാണ് ആനയ്ക്കു നല്‍കിയത്.

ഗുരുവായൂര്‍ ആനക്കോട്ടയില്‍ 49 ആനകള്‍ ഉണ്ടായിരുന്നപ്പോള്‍ അമ്പതാമനായാണ് വലിയ കേശവന്റെ രംഗപ്രവേശം. കൊമ്പന്‍ കാലെടുത്തുവെച്ചതിനു ശേഷം ആനക്കോട്ടയില്‍ ആനകളുടെ എണ്ണത്തില്‍ വെച്ചടി കയറ്റമുണ്ടായെന്നാണ് പറയുന്നത്. അത് വലിയ കേശവന്റെ ‘കാല്‍പ്പുണ്യം’കൊണ്ടുതന്നെയാണ് എന്നാണ് ആന പ്രേമികൾ വിശ്വസിക്കുന്നത് ഒരു സമയത്ത് ഗുരുവായൂരപ്പന്റെ ഗജ സമ്പത്ത് 66 വരെ ഉയർന്നിരുന്നു . ആനയെ നടയി രുത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതോടെ ഗജ സമ്പത്തിൽ കുറവ് വന്നു തുടങ്ങിയത് .രോഗാധിക്യത്താലും പ്രായാധിക്യ ത്താലും നിരവധി കൊമ്പന്മാരാണ് ചരിഞ്ഞത്. വലിയ കേശവന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

ഒന്നാം പാപ്പാൻ പി പി മണികണ്ഠൻ , രണ്ടാം പാപ്പാൻ ടി കെ ഹരിദാസൻ , മൂന്നാംപാപ്പാൻ എ ആർ രതീഷ് എന്നിവരുടെ സംരക്ഷണയിൽ ആയിരുന്നു കൊമ്പൻ . ഇന്ന് വൈകീട്ട് കോടനാട്ട് കൊണ്ടുപോയി പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ആനയെ സംസ്കരിക്കും