കൊച്ചിയിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു
കൊച്ചി: കൊച്ചി തോപ്പുംപടിയിലുണ്ടായ തീപിടുത്തതിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തോപ്പുംപടി ജംങ്ഷനിലെ മാഴ്സൺ ഫുട്‍വെയേഴ്സിലാണ് സംഭവം.
കട രാവിലെ മുതൽ തുറന്ന് പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രണ്ടാം നിലയിലാണ് ആദ്യം തീ കണ്ടത്. ജീവനക്കാരും കടയിലുണ്ടായിരുന്നവരും ഇറങ്ങിയോടി.
ഗാന്ധി നഗര്‍, ക്ലബ്ബ് റോഡ്, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തൃപ്പൂണിത്തുറ, അരൂര്‍ എന്നിവടങ്ങളില്‍ നിന്നായി എത്തിയ ഒമ്ബത് യൂനിറ്റുകളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം ജീവനക്കാര്‍ ജില്ല ഫയര്‍ ആഫീസര്‍ എ.എ.സ് ജോഷിയുടെ നേതൃത്വത്തില്‍ രണ്ടര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൊച്ചിന്‍ പോര്‍ട്ട്, നാവിക സേന എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂനിറ്റുകളും തീയണക്കാന്‍ എത്തിയിരുന്നു രണ്ടാം നിലയിലുണ്ടായിരുന്ന സ്റ്റോക്ക് പൂർണ്ണമായും, ഒന്നാം നിലയിലേത് ഭാഗികമായും കത്തി നശിച്ചു.
രണ്ടാം നിലയിലെ തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ഭാഗത്തേക്ക് വെള്ളമെത്തിക്കാനാവാത്തതായിരുന്നു ഫയർഫോഴ്സ് നേരിട്ട വെല്ലുവിളി. ഇതോടെ ഈ ഭാഗം വെട്ടിപ്പൊളിച്ച് രണ്ടരമണിക്കൂർ എടുത്താണ് തീ പൂർണ്ണമായും അണച്ചത്. ഈ നിർമ്മാണം അനധികൃതമാണോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ ശ്രമങ്ങളാണ് തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീപടരാതെ തടഞ്ഞത്