Madhavam header
Above Pot

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം തുടങ്ങി

തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചുമതലയേറ്റ ജനപ്രതിനിധികൾക്കുള്ള പരിശീലനം
കിലയിൽ ആരംഭിച്ചു. ജനുവരി 16 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെയാണ് പരിശീലനം നടക്കുക. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജന പ്രതിനിധികൾ ഓൺലൈനായി പങ്കെടുക്കുന്ന രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃതമായ വീഡിയോ സെഷനുകൾ അവതരിപ്പിക്കുന്നുണ്ട്. ഈ സമയത്ത് ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും കില ചുമതലപ്പെടുത്തിയ റിസോഴ്സ് സംഘം ഉണ്ടാകും. ലൈവ് സ്ട്രീം ചെയ്യുന്ന വീഡിയോ സെഷനുകൾക്ക് ശേഷം ചോദ്യോത്തരങ്ങൾക്കും ചർച്ചകൾക്കുമുള്ള സമയവും അനുവദിക്കും.

പരിശീലനത്തിൽ പൊതുഭരണം, ആസൂത്രണം, ധനകാര്യ പരിപാലനം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമപദ്ധതികൾ, സാമൂഹ്യനീതി, സ്ത്രീശാക്തീകരണം, മാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകളാണ് നടക്കുക. തുടർന്ന് ഓരോ വിഷയ മേഖലകൾക്കും വിശദമായ പരിശീലനവും ഉണ്ടാകും. പരിശീലനത്തിന് ആവശ്യമായ എട്ടു കൈ പുസ്തകങ്ങൾ അടങ്ങിയ പുസ്തക സഞ്ചയമാണ് പുതിയ ജനപ്രതിനിധികൾക്ക് നൽകിയിരിക്കുന്നത്. പരിശീലന വീഡിയോകളും പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പിയും ഓൺലൈനിലും ലഭിക്കും. പരിശീലനം പൂർത്തീകരിച്ചാൽ ഉടൻ 2021- 22 ലേക്കുള്ള വാർഷികപദ്ധതി തയ്യാറാക്കുവാനും ബജറ്റ് തയ്യാറാക്കാനുള്ള പരിശീലനവും നൽകും. തുടർന്ന് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടിയുള്ള വിശദമായ പരിശീലനവും വനിതാ ജന പ്രതിനിധികൾക്കുള്ള പ്രത്യേക പരിശീലനവും ആരംഭിക്കും.

Astrologer

സമഗ്ര മാലിന്യ നിർമാർജനം, ദുരന്ത നിവാരണ പദ്ധതി, ഭിന്ന ശേഷി സൗഹൃദ തദ്ദേശഭരണം തുടങ്ങിയ പ്രത്യേക വിഷയ മേഖലകളിൽ വിശദമായ പരിശീലനം നൽകും. ഇവയെല്ലാം പൊതു ജനങ്ങൾക്കു കൂടി ലഭ്യമാക്കുവാൻ വേണ്ട സംവിധാനം ഒരുക്കുമെന്ന് കില ഡയറക്ടർ ജനറൽ ഡോ ജോയ് ഇളമൺ പറഞ്ഞു

Vadasheri Footer