കെവിൻ വധം ദുരഭിമാനക്കൊല , 10 പ്രതികൾ കുറ്റക്കാർ
കോട്ടയം: കെവിൻ വധക്കേസില്‍ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ശനിയാഴ്ച കോടതി പ്രതികളുടെ ശിക്ഷ വിധിക്കും. സാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ,റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തന്നതിൽ ഇവർ 10 പേരും നേരിട്ട് പങ്കു വഹിച്ചെന്ന് കോടതി കണ്ടെത്തി. ചാക്കോ ജോൺ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാൻ ആസൂത്രണം നടത്തിയ ആൾ. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ , പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്.
കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി ഇതോടെ കെവിൻ വധക്കേസ്. നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിൻ പറഞ്ഞിരുന്നുവെന്ന നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
2019 ഏപ്രില്‍ 24 ന് വിചാരണ ആരംഭിച്ച കേസിൽ 2019 ജൂലൈ 30 നാണ് വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ കേസിന്‍റെ ഭാഗമായി വിസ്തരിച്ചു. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. കെവിന്‍റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാൻ കോടതിയില്‍ എത്തിയിരുന്നില്ല.