തിരുവനന്തപുരം : പ്രഥമ കേരള ക്രിക്കറ്റ് ലീഗിനുള്ള താര ലേലത്തിൽ എംഎസ് അഖിൽ വിലപിടിപ്പുള്ള താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് അഖിലിനെ സ്വന്തമാക്കി. അഖിലടക്കം നാല് താരങ്ങൾക്ക് 7 ലക്ഷം ലഭിച്ചു. വിക്കറ്റ് കീപ്പർ വരുൺ നായനാർ 7.2 ലക്ഷത്തിനു തൃശൂർ ടൈറ്റൻസിൽ. ഓൾ റൗണ്ടർ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സും സൽമാൻ നിസാറിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 7 ലക്ഷത്തിനു ടീമിലെത്തിച്ചു.
4.6 ലക്ഷത്തിനു എം നിഖിലിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു.
168 കളിക്കാരെയാണ് ടീമുകൾക്കായി ലേലത്തിൽ എത്തിയത്. 108 പേരെ ടീമുകൾ സ്വന്തമാക്കി. തിരുവനന്തപുരം ഹയാത്ത് റിജൻസിയിലാണ് താര ലേലം നടന്നത്. ചാരു ശർമയാണ് ലേലം നിയന്ത്രിച്ചത്.
ഐപിഎൽ, രഞ്ജി ട്രോഫി കളിച്ച താരങ്ങൾ എ വിഭാഗത്തിലായിരുന്നു. ഇവർക്ക് 2 ലക്ഷമായിരുന്നു അടിസ്ഥാന വില. സികെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് മത്സരങ്ങൾ കളിച്ചവർ ബി വിഭാഗത്തിലും. ഒരു ലക്ഷമാണ് ഇവരുടെ അടിസ്ഥാന വിലയുണ്ടായിരുന്നത്. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി, ക്ലബ് ക്രിക്കറ്റർമാരായിരുന്നു സി വിഭാഗത്തിൽ 50,000 രൂപയാണ് ഇവരുടെ അടിസ്ഥാന വില.