Madhavam header
Above Pot

കതിരൂർ സ്ഫോടനം; ബോംബുണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥൻ അറസ്റ്റിൽ…

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സി പി എം പ്രവര്‍ത്തകന്‍റെ കൈപ്പത്തികള്‍ അറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ബോംബുണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥന്‍ വിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിനുവിനെ പിടികൂടിയത്. ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് കൈപത്തിയും അറ്റുപോയ സി പി എം പ്രവര്‍ത്തനകനായ നിജേഷ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Astrologer

വിഷു ദിവസമായ ബുധനാഴ്ച രാത്രിയോടെയാണ് കതിരൂര്‍ നാലാം മൈലില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബ് പൊട്ടിത്തെറിച്ചത്. ബോംബ് നിര്‍മ്മാണത്തിനിടെ ആയിരുന്നു സ്ഫോടനം. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ നിജേഷിന്‍റെ നേതൃത്വത്തിലാണ് ബോംബ് നിര്‍മ്മാണം നടന്നത്. അതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ നിജേഷിന്‍റെ രണ്ടു കൈപ്പത്തിയും അറ്റുതൂങ്ങിയ നിലയില്‍ ആയിരുന്നു. നിജേഷിന്‍റെ അറ്റുപോയ വിരലുകള്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് മദ്യകുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. –

വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായെങ്കിലും എവിടെയാണെന്ന് നാട്ടുകാര്‍ക്ക് ആദ്യം മനസിലായിരുന്നില്ല. സംഭവം നടന്ന് മണിക്കുറുകള്‍ കഴിഞ്ഞ ശേഷമാണ് പൊലീസിനെ നാട്ടുകാര്‍ വിവരമറിയിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വിനുവിന്‍റെ വീട്ടിലെത്തി. എന്നാല്‍ പൊലീസിനെ കബളിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം. സ്ഫോടനം നടന്നത് തൊട്ടടുത്ത പറമ്ബിലാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിനുവിന്‍റെ വീടിന്‍റെ മതിലിലും റോഡിലും രക്തം കട്ടപിടിച്ചു കിടക്കുന്നതിന്‍റെ അടയാളം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബോംബ് നിര്‍മ്മിച്ചിരുന്നത് വിനുവിന്‍റെ വീട്ടില്‍ തന്നെയാണെന്ന് പൊലീസിന് മനസിലായത്.

വീടിന്‍റെ പിന്‍ഭാഗത്തായിരുന്നു ബോംബ് നിര്‍മ്മാണം നടന്നത്. സംഭവസ്ഥലത്തെ തറയില്‍ പറ്റിയ രക്തക്കറ കഴുകി തെളിവ് നശിപ്പിക്കാനും വിനു ശ്രമിച്ചു. പൊലീസ് നായ മണം പിടിക്കാതിരിക്കാന്‍ മഞ്ഞള്‍ പൊടിയും, ഫിനോയിലും തറയില്‍ വിതറിയതായി പൊലീസ് കണ്ടു പിടിച്ചു. അതേസമയം പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്ന് മറ്റ് ബോംബുകളോ, നിര്‍മ്മാണ സാമഗ്രികളോട കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് വരുന്നതിന് മുമ്ബു തന്നെ അവയൊക്കെ മാറ്റിയിട്ടുണ്ടാകാമെന്നാണ് സംശയം. പ്രദേശത്ത് പിന്നീട് ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. നിജേഷിനൊപ്പം മറ്റു രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റതായി സൂചനയുണ്ട്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യും. കൂടാതെ നിജേഷിനെയും പൊലീസ് പിന്നീട് ചോദ്യം ചെയ്യും.

Vadasheri Footer