കതിർകറ്റകൾ എത്തി,ഗുരുവായൂരിൽ നാളെ ഇല്ലം നിറ
ഗുരുവായൂർ : ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു. പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ നാളെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിലാണ് ചടങ്ങ്.
‘ ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീഗുരുവായൂരിന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർക്കറ്റകൾ എത്തി. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. രാവിലെ പത്തു മണിയോടെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി.
അഴീക്കൽ കുടുബാംഗം വിജയൻ നായർ, മനയം കുടുംബാഗം കൃഷ്ണകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവനക്കാർ ,ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഗസ്റ്റ് 28ന് നടക്കും രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് തൃപുത്തരി.. പുന്നെല്ലിൻ്റെ അരി കൊണ്ടുള്ള പയസവും അപ്പവും ശ്രീഗുരുവായൂരപ്പന് നേദിക്കും. അന്നേ ദിവസത്തെ വിശേഷ പുത്തരി പായസം പ്രധാനമാണ്.
കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!