കണ്ണൂരിൽ വിവാഹ വീട്ടിൽ തർക്കം , ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു , മൂന്ന് പേർക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനിടയിൽ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) വാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ് അനുരാഗ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്.
കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ ഇരുവിഭാഗങ്ങൾ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്.
ബോംബുമായി അക്രമിക്കാന്‍ വന്ന സംഘത്തില്‍പ്പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല. പരേതനായ ബാലകണ്ടി മോഹനനൻ, ശ്യാമള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. സഹോദരൻ: മേഘുൽ. “,
അതിനിടെ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സി പി ഐ എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം ഉണ്ടായത്. പൊലീസ് എത്താന്‍ വൈകിയെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണം. കോണ്‍ഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഐ എം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്ത് വന്നത്. തുടര്‍ന്ന് ഇരുഭാഗത്തുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്.