കണ്ണൂരും ,കാസർഗോഡും കള്ളവോട്ട് – 110 ബൂത്തുകളിൽ റീ പോളിങ്ങ് ആവശ്യപ്പെട്ട് കോൺഗ്രസ്
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലും കണ്ണൂരിലും വ്യാപകമായ കള്ളവോട്ട് നടന്നെന്ന് ആരോപണം കടുപ്പിച്ച് യുഡിഎഫ് തെളിവായി കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ടു. കണ്ണൂർ തളിപ്പറമ്പിൽ പോളിങ് ബൂത്തുകളിൽ ആസൂത്രിത ബഹളമുണ്ടാക്കി ഭയപ്പെടുത്തി സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
അതിനിടെ മാണിയൂർ എൽ പി സ്കൂളിലെ 171ാആം ബൂത്തിൽ കയറി സിപിഎം പ്രവർത്തകർ ബഹളമുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. യുഡിഎഫ് ഏജന്‍റിനേയും ഉദ്യോഗസ്ഥരെയും ബഹളമുണ്ടാക്കി ഭയപ്പെടുത്തിയ ശേഷം സിപിഎം കള്ളവോട്ട് ചെയ്തുവെന്നാണ് മാണിയൂർ എൽപി സ്കൂളിലെ 171 നമ്പർ ബൂത്തിൽ നിന്ന് ദൃശ്യങ്ങൾ സഹിതം ഉയര്‍ന്ന ആരോപണം. ബഹളത്തിനിടെ വോട്ടിംഗ് യന്ത്രം താഴെ വീണു.
വിപിൻകുമാറെന്ന പ്രവാസിയുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെ യുഡിഎഫ് പോളിങ് ഏജന്‍റ് എതിർത്തതും തുടര്‍ന്നുണ്ടായ ബഹളവുമാണ് ദൃശ്യങ്ങളിലുള്ളത്.
രേഖകൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ഇയാൾ വോട്ട് ചെയ്യാതെ മടങ്ങി. വോട്ട് ചലഞ്ച് ചെയ്തെങ്കിലും ഇത് രേഖാമൂലം നൽകിയില്ലെന്നും പരാതിയുണ്ട്. ബഹളം വച്ചവരെ പൊലീസ് നിയന്തിക്കാൻ ശ്രമിച്ചെങ്കിലും സിപിഎം പ്രവർത്തകർ എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൂത്തിലുണ്ടായ ബഹളത്തിന് ശേഷം യുഡിഎഫ് പോളിങ് ഏജന്‍റിനെ പിടിച്ചു പുറത്താക്കാൻ ശ്രമം നടന്നു. വിദേശത്തുള്ള വോട്ടർമാരുടെയും ഇവരുടെ വോട്ട് ചെയ്തവരുടെയും പട്ടിക സഹിതമാണ് യുഡിഎഫിന്‍റെ പരാതി. 172ആം ബൂത്തിൽ 25 കള്ളവോട്ട് ചെയ്ത ലിസ്റ്റും യുഡിഎഫ് കൈമാറിയിട്ടുണ്ട്.
അതേസമയം, 110 പോളിങ് ബൂത്തുകളിൽ റീപോളിങ് വേണമെന്നാണ് കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് വഴിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കണ്ണൂരിൽ മൊത്തം 103 ബൂത്തുകളിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. താഴേത്തട്ടിൽ നിന്ന് ഒന്നിച്ച് കണക്കെടുക്കുകയാണ്. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ നാട്ടിലെ ബൂത്തിലടക്കം കള്ളവോട്ട് നടന്നെന്നും ആരോപണമുണ്ട്. നടപടികളുണ്ടായില്ലെങ്കിൽ തെളിവുകൾ സഹിതം കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.
എന്നാൽ കള്ളവോട്ട് സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ച് കണ്ണൂർ ജില്ലാ കളക്ടർ പ്രതികരിക്കാൻ തയ്യാറായില്ല. കൂടുതൽ കൂടുതൽ കള്ളവോട്ട് വിവരങ്ങൾ പുറത്തുവരുന്നതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കണ്ണൂരിലെ കള്ളവോട്ട് ദൃശ്യങ്ങൾ വ്യാജമല്ലെന്ന രീതിയിലുള്ള പ്രാഥമിക റിപ്പോർട്ടാണ് കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നൽകിയതെന്നാണ് വിവരം. കാസർക്കോട് കലക്ടറുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. രണ്ടു റിപ്പോര്‍ട്ടും പരിശോധിച്ച് തന്‍റെ നിഗമനങ്ങളും ശുപാർശയും ചേർത്താകും ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് കൈമാറുക. കുറ്റം തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നാണ് മീണയുടെ മുന്നറിയിപ്പ്. ആരോപണമുയര്‍ന്ന മണ്ഡലങ്ങളിലെ ദൃശ്യങ്ങൾ വ്യാജമല്ലെന്ന് തെളിഞ്ഞാൽ റീ പോളിംഗ് സാധ്യതയും തള്ളിക്കളയാനാകില്ല.
കള്ളവോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കോൺഗ്രസ് ആരോപണം കടുപ്പിച്ച് മുന്നോട്ട് പോകുന്പോൾ ഓപ്പൺ വോട്ടാണെന്ന വിശദീകരണം അടക്കം പ്രതിരോധിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.