ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്, പ്രധാന പ്രതി പിടിയിൽ
ആലുവ: കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ സൂത്രധാരന്‍ അല്‍താഫ് പിടിയില്‍. കൊച്ചിയില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ആലുവയിലെ ഹോട്ടലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
നാടന്‍ തോക്കുകളാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് സൂചന. ഇയാളില്‍ നിന്ന് ഒരു പിസ്റ്റളും ഒരു റിവോള്‍വറും കണ്ടെടുത്തു. തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്കും ഫോറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ബ്യൂട്ടീപാര്‍ലറിലാണ് വെടിവയ്പ്പ് നടന്നത്. കേസില്‍ രണ്ട് പേര്‍ നേരത്തെ പിടിയിലായിരുന്നു. എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തത്. ഇവരാണ് ബൈക്കിലെത്തി ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം തയ്യാറാക്കിയത്. ഭീഷണിപ്പെടുത്തി പണം തട്ടാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവയ്പ് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു കടവന്ത്രയില്‍ നടത്തിവരുന്ന ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഭീതിവിതച്ച് പണം തട്ടാനുളള ശ്രമമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ രവിപൂജാരിക്കെതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.