Madhavam header
Above Pot

കടപ്പുറത്ത് വീണ്ടും കടലാക്രമണം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകീട്ട് വീണ്ടും രൂക്ഷമായ കടലാക്രമണം .തിങ്കളാഴ്ച വൈകീട്ട് കടലാക്രമണമുണ്ടായ പ്രദേശങ്ങളിലൊക്കെ ചൊവ്വാഴ്ചയും കടലാക്രമണമുണ്ടായി.നൂറോളം വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീട്ടുകാരെല്ലാം ബന്ധുവീടുകളിലേക്കു മാറി.പ്രദേശത്ത് വൈദ്യുതിബന്ധവും നിലച്ചു.കടലാക്രമണത്തില്‍ കയറിയ വെള്ളം ഒഴുകിപോകാന്‍ റോഡ് പൊളിച്ചതിനാല്‍ വെളിച്ചെണ്ണപടി മുതല്‍ മുനക്കകടവ് അഴിമുഖം വരെയുള്ള ഗതാഗതവും താറുമാറായ സ്ഥിതിയാണ്.

കടപ്പുറം പഞ്ചായത്തിന്റെ കടലോരമേഖലയില്‍ ആശുപത്രിപടി, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ് എന്നിവിടങ്ങളിലൊക്കെയാണ് ജനങ്ങളില്‍ ഭീതിയുണര്‍ത്തി ചൊവ്വാഴ്ചയും കടലേറ്റമുണ്ടായത്. പലയിടത്തും തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ടഴുകി. വെളിച്ചെണ്ണപടിയില്‍ വെള്ളം ഒഴുക്കിവിടാന്‍ തിങ്കളാഴ്ച വൈകീട്ട് തന്നെ റോഡ് പൊളിച്ചിരുന്നു.ചൊവ്വാഴ്ച രാവിലെ ഗുരുവായൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകളെത്തി വീടുകള്‍ക്ക് ചുറ്റും കെട്ടിനിന്ന വെള്ളം കടലിലേക്കു തന്നെ പമ്പ് ചെയ്തു.എന്നാല്‍ തിരയടിച്ച് വെള്ളം വീണ്ടും കയറിയതോടെ ശ്രമം ഉപേക്ഷിച്ചു.ഡപ്യൂട്ടി കളക്ടര്‍ എസ്.വിജയന്‍,തഹസില്‍ദാര്‍ കെ.വി.അംബ്രോസ്, ഭൂരേഖ തഹസില്‍ദാര്‍ സി.എം.ജോണ്‍സന്‍,ഇറിഗേഷന്‍ എ.ഇ.,എസ്.കെ.രമേശന്‍, എം.യു.നിസാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Vadasheri Footer