Madhavam header
Above Pot

കെ. സുരേന്ദ്രനെ പത്തനംത്തിട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്.

അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്‍റെ മേല്‍ ചുമത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ മജിസ്ട്രേറ്റിന്‍റെ വീട്ടിലാണ് സുരേന്ദ്രനെ ഹാജരാക്കിയത്. സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ സുരേന്ദ്രനെ ഇന്ന് പുലർച്ചെയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

Astrologer

ഇതിനിടെ തനിക്കെതിരായ പോലീസ് നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ സുരേന്ദ്രന്‍. സിപിഎമ്മിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ അറസ്‌റ്റെന്നും തനിക്ക് ജയിലില്‍ പോകാന്‍ ഭയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണ്. കഴിഞ്ഞ ദിവസം മുതല്‍ തനിക്കെതിരെയുള്ള മറ്റു കേസുകള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മനപ്പൂര്‍വ്വമുള്ള പ്രതികാര നടപടിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത തന്നെ പോലീസ് മര്‍ദ്ദിച്ചു. മൂന്നുമണിക്ക് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റേണ്ട കാര്യമില്ലായിരുന്നു. പുറമെ മുറിവുകള്‍ ഇല്ലെങ്കിലും മര്‍ദ്ദനമേറ്റതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും പ്രാര്‍ഥന നടത്താനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Vadasheri Footer