കെ ആർ നാരായണൻ സ്മാരക കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു
കുന്നംകുളം : നാട്ടുകാരെ ഒന്നിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ. കുന്നംകുളം നഗരസഭ ചൊവന്നൂരിൽ നിർമിച്ച കെ ആർ നാരായണൻ സ്മാരക കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമീപ പ്രദേശത്തെ കലശ മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനു ളളിൽ കമ്യൂണിറ്റി ഹാളിനു മുന്നിലൂടെ ബി എം ബി സി ആധുനിക നിലവാരത്തിലുള്ള റോഡ് സർക്കാർ നിർമിച്ചു നൽകും. P >
ഇതിന് ചൊവനൂർ ഗ്രാമപഞ്ചായത്തുമായി നേരത്തെ ഉണ്ടാക്കിയ ധാരണ അനുസരിച്ച് മുന്നോട്ടു പോകും. റോഡിന്റെ വീതി എട്ടു മീറ്ററാക്കി നിജപ്പെടുത്തുമെന്നും ഇതിലൂടെ ടൂറിസം സാധ്യതകളും വിപുലപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. വൈസ് ചെയർമാൻ പി എം സുരേഷ്. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ ആനന്ദൻ, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി, ചൊവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സതീശൻ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
മുൻ രാഷ്ടപതി കെ.ആർ നാരായണന്റെ പേരിലുള്ള കമ്യൂണിറ്റി ഹാൾ 78 ലക്ഷം രൂപ ചെലവിൽ 6400 ചതുരശ്ര അടിയിലാണ് നഗരസഭ നിർമിച്ചത്. അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, വിശ്രമ മുറി, പൊതുയോഗ ഹാൾ,ഹാളിനോട് ചേർന്ന് ചുറ്റുമതിൽ, പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് ഹാളിന്റെ പ്രവർത്തനം. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് വിവാഹച്ചടങ്ങൾക്ക് 4500 രൂപ നിരക്കിൽ ഹാൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.