അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.

കൊച്ചി: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം നടത്തിയെന്ന ഹ‍ർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം തള്ളി. ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. വിധിയ്ക്ക് പിന്നിൽ എം.വി.നികേഷ് കുമാറിന്‍റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി മാധ്യങ്ങളോട് പറഞ്ഞു.

നിയമപരമായി നേരിടുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ലീംലീഗും അറിയിച്ചിട്ടുണ്ട്. ഹീനമായ മാര്‍ഗത്തിലൂടെ എംഎല്‍എയായ കെ. എം ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം.സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. 2462 വോട്ടിനാണ് ഷാജി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്.