728-90

കെ കൃഷ്ണൻ കുട്ടി ജനതദളിന്റെ പുതിയ മന്ത്രി ,

Star

ബംഗലുരു: ജലവിഭവവകുപ്പ് മന്ത്രിയും ജെഡിഎസ് എംഎൽഎയുമായ മാത്യു ടി.തോമസ് രാജി വയ്ക്കും. പകരം ജെഡിഎസ്സിൽ നിന്ന് കെ.കൃഷ്ണൻ കുട്ടി എംഎൽഎ പുതിയ മന്ത്രിയാകും. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയും ജെഡിഎസ് സംസ്ഥാനപ്രസിഡന്‍റുമാണ് കെ.കൃഷ്ണൻകുട്ടി. രണ്ടര വർ‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി ബംഗലുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെഡിഎസ്സിൽ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി. തോമസ്സിനെതിരെ പല തവണ എംഎൽഎമാരായ കെ.കൃഷ്ണൻകുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നിൽ പരാതിയുമായെത്തി.

ഒടുവിൽ ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പ്രശ്നത്തിലിടപെട്ടത്. ഇന്ന് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ജനതാദൾ സംസ്ഥാനനേതാക്കൾ ദേവഗൗഡയുമായി നേരിട്ട് ചർച്ച നടത്തി. കെ.കൃഷ്ണൻകുട്ടി, സി.കെ.നാണു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയും ചർച്ചയിലുണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുക്കണമെന്ന് ദേവഗൗഡ നിർദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയില്ല. ഒടുവിൽ മന്ത്രിയോട് സ്ഥാനമൊഴിയാൻ ദേവഗൗഡ തന്നെ നേരിട്ട് നിർദേശിച്ചു.

മാത്യു ടി.തോമസ് നേരത്തേയും പാർട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രിയെ മാറ്റുകയാണെന്ന് മുഖ്യമന്ത്രിയെ ജെഡിഎസ് രേഖാമൂലം അറിയിച്ചു. എൽഡിഎഫ് കൺവീനർ ജി. വിജയരാഘവനെയും ജെഡിഎസ് അറിയിച്ചു.

‘പാ‍ർട്ടിയിലെ ധാരണപ്രകാരം തന്നെയാണ് മാത്യു ടി.തോമസ് മന്ത്രിസ്ഥാനം ഒഴിയുന്നത്. പാർട്ടിയിലെ ചർച്ച പ്രകാരമെടുത്ത തീരുമാനമാണിത്. മുമ്പും പാർട്ടി പറയുന്ന തീരുമാനമനുസരിച്ച് മാത്യു ടി.തോമസ് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. യോഗ്യതയുള്ള ആളെത്തന്നെയാണ് പകരം മന്ത്രിയാക്കിയിരിക്കുന്നത്. കർഷകപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടയാളാണ് കെ.കൃഷ്ണൻകുട്ടി. മുൻപ് കെ.കൃഷ്ണൻകുട്ടി ജയിച്ചപ്പോഴൊക്കെ എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. മനുഷ്യത്വപരമായുള്ള കണക്കുകൂട്ടലിന്റെത കൂടി അടിസ്ഥാനത്തിലാണ് കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ തീരുമാനിക്കുന്നത്.” ഡാനിഷ് അലി പറഞ്ഞു. പരസ്യമായി ഒരു പ്രതിഷേധത്തിലേക്ക് പോകരുതെന്ന് മാത്യു ടി.തോമസിനോട് നേതൃത്വം പറഞ്ഞിട്ടുണെന്നാണ് സൂചന.

ഇതിനിടെ മാത്യു ടി.തോമസ് ഇല്ലാത്ത ഒരു ചർച്ചയിൽ ഏകപക്ഷീയമായി മന്ത്രിയെ നീക്കിക്കൊണ്ടുള്ള ദേശീയനേതൃത്വത്തിന്‍റെ തീരുമാനം സംസ്ഥാനഘടകത്തിൽ പിളർപ്പുണ്ടാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയ്ക്കടക്കം മാത്യു ടി.തോമസ് തന്നെ മന്ത്രിയായി തുടരുന്നതിലായിരുന്നു താത്പര്യം. എന്നാൽ ഘടകകക്ഷിയുടെ ദേശീയനേതൃത്വം തന്നെ ഇടപെട്ട് മന്ത്രിയോട് ഒഴിയാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഇനി മുഖ്യമന്ത്രിയോ ഇടത് നേതൃത്വമോ അതിനെ തള്ളിപ്പറയാനിടയില്ല.

എന്നാൽ തന്‍റെ കുടുംബത്തിന് നേരെ അടുത്ത കാലത്ത് ഉയർന്ന ചില ആരോപണങ്ങൾ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുകൊണ്ടാണെന്ന രോഷം മാത്യു.ടി.തോമസിനുണ്ട്. മന്ത്രിയുടെ ഭാര്യ ജാതി വിളിച്ച് അപമാനിച്ചെന്ന് ഒരു മുൻ ജീവനക്കാരി പരാതി നൽകിയിരുന്നു. പരാതിക്കാരിയെ എതിർചേരി ഉപയോഗിക്കുകയായിരുന്നെന്നാണ് മാത്യു ടി.തോമസിന്‍റെ ആരോപണം.

മൂന്നാഴ്ച മുമ്പും സമവായചാർച്ചയ്ക്കെത്തണമെന്ന് ദേവഗൗഡ മാത്യു ടി.തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാത്യു ടി.തോമസ് വന്നില്ല. ഇതിൽ ദേവഗൗഡയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഡാനിഷ് അലി ഉൾപ്പടെ ദേശീയ നേതൃത്വത്തിന് കൃഷ്ണൻകുട്ടിയ്ക്ക് അനുകൂലമായ വികാരമുണ്ട്. സംസ്ഥാനനേതൃത്വത്തിൽ മാത്യു ടി.തോമസിനെതിരായ വികാരമാണുള്ളതെന്നാണ് ഡാനിഷ് അലി ദേവഗൗഡയ്ക്ക് നൽകിയ റിപ്പോർട്ട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മാത്യു ടി.തോമസിനെ മാറ്റാൻ ദേവഗൗഡ തീരുമാനിച്ചത്.