
ജുവനൈൽ നിയമത്തിലെ പ്രായപരിധി 12 ആക്കണം :നടി അംബിക

കൊച്ചി: പ്രായപൂർത്തിയാകാത്തവർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം അവസാനിക്കണമെന്ന് നടി അംബിക. ജുവനൈൽ നിയമപ്രകാരം കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം നിർണയിക്കുന്ന പ്രായപരിധി 12 വയസായി കുറയ്ക്കണമെന്നും അംബിക ആവശ്യപ്പെട്ടു. ചേരാനല്ലൂർ വാഹനാപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട ഭദ്രകീർത്തിയുടെ വീട്ടിലെത്തിയായിരുന്നു നടിയുടെ പ്രതികരണം.

17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തുകയായിരുന്ന ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ നീതിക്കായി മകൾ ഭദ്രകീർത്തി നടത്തുന്ന ഇടപെടലുകൾക്ക് പിന്തുണ അറിയിക്കാനാണ് അംബിക എത്തിയത്. ഒക്ടോബർ 25ന് പുലർച്ചെ 2.15നായിരുന്നു അപകടം. കുട്ടികളുടെ പ്രായം കണക്കിലെടുത്ത് ഗുരുതര കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ അവസരം ലഭിക്കുന്ന നിയമവ്യവസ്ഥയിൽ മാറ്റം വേണമെന്നാണ് അംബികയുടെ നിലപാട്. ഇന്നത്തെ കാലത്ത് കുട്ടികളുടെ ബുദ്ധിവികാസം മുതിർന്നവരുടേതിന് സമാനമായ രീതിയിൽ മുന്നേറിയിട്ടുണ്ട്. അതിനാൽ പ്രായത്തിന്റെ പേരിൽ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇളവ് ലഭിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും നടി പറഞ്ഞു.
അപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട ഭദ്രകീർത്തി ആരംഭിച്ച ‘ഭദ്രപക്ഷം’ എന്ന ക്യാമ്പയിനും ശ്രദ്ധ നേടുകയാണ്. ജുവനൈൽ നിയമത്തിലെ പ്രായപരിധി 15 വയസായി കുറയ്ക്കണമെന്ന ആവശ്യവുമായി പൊതുജനാഭിപ്രായം സ്വരൂപിച്ച് കേന്ദ്ര മന്ത്രാലയത്തിന് നിവേദനം നൽകാനാണ് ഭദ്രകീർത്തിയുടെ നീക്കം. എന്നാൽ ഈ പ്രായപരിധി 12 വയസായി നിശ്ചയിക്കണമെന്നാണ് അംബിക മുന്നോട്ടുവച്ച നിർദേശം. ക്യാമ്പയിന് പൊതുജനങ്ങളിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഭദ്രകീർത്തി നടത്തുന്ന പോരാട്ടത്തിന് കൂടുതൽ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.”,
