മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ?; ജസ്റ്റിസ് ബി. കെമാല്‍പാഷ
കൊച്ചി: വൈറ്റില മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ വിഫോര്‍ കൊച്ചി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരന്‍ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല ജനങ്ങളുടെ വകയാണ് പാലം കെമാല്‍ പാഷ പറഞ്ഞു.
പൊറുതിമുട്ടിയ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്ബതിന് പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയില്‍ മണിക്കൂറുകള്‍ കിടന്ന് വീര്‍പ്പു മുട്ടിയാണ് ജനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ പ്രതിഷേധമാണ് വൈറ്റിലയില്‍ കണ്ടതെന്നും ജസ്റ്റിസ് ബി.കെമാല്‍ പാഷ പറഞ്ഞു.
വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മാണം പൂര്‍ത്തിയായിട്ടും തെരഞ്ഞെടുപ്പു വരുമ്ബോഴേക്കുമുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ചെന്നു പറഞ്ഞ് പാലം തുറന്നവര്‍ക്കെതിരെ കേസെടുത്താല്‍ അത് നിലനില്‍ക്കില്ല. എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ പോയാല്‍ പൊതുമുതല്‍ നശിക്കുമോ?.മുഖ്യമന്ത്രി വന്ന് പാലത്തില്‍ കയറിയാലേ നശിക്കാതിരിക്കൂ എന്നുണ്ടോ? എം.എല്‍.എമാര്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കുമ്‌ബോള്‍ പേരെഴുതി വെക്കുന്നതാണ് പൊതുമുതല്‍ നശിപ്പിക്കല്‍. ജനങ്ങളുടെ പണവും ജനങ്ങളുടെ സ്ഥലവുമാണ്. അവിടെ ജനങ്ങള്‍ക്ക് കയറാന്‍ അവകാശമുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് തേങ്ങവെട്ടി പണിതതല്ല ഇത് എന്ന് ഓര്‍മിക്കണം. പൊതുജനങ്ങളുടെ പണം, ജനങ്ങളുടെ സ്ഥലം. അതില്‍ ജനങ്ങള്‍ക്കു കയറാന്‍ അവകാശമുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉദ്ഘാടനത്തിന് മുന്‍പേ വൈറ്റില മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ കയറിയ സംഭവത്തില്‍ അറസ്റ്റിലായ നാല് പേരെയും കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം ജില്ലാ കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരായ നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പണം കോടതിയില്‍ കെട്ടിവയ്ക്കാമെന്നും ഏത് വ്യവസ്ഥയും സ്വീകാര്യമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ഒമ്ബതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് വാഹനങ്ങള്‍ പാലത്തിലൂടെ കയറിയത്. പാലത്തിലെ ബാരിക്കേഡ് നീക്കി ചിലര്‍ ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. എന്നാല്‍ പാലത്തിന്റെ മറുവശം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ച ശേഷം വാഹനങ്ങള്‍ തിരികെ ഇറക്കി. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. അതിനിടെ പാലത്തില്‍ വാഹനങ്ങള്‍ കയറ്റിയ ഏതാനും ഉടമകള്‍ക്കെതിരേ പൊലീസ് നടപടി തുടങ്ങിയെന്നാണ് സൂചന.