പിറവത്ത് സീറ്റ് കച്ചവടം ,ജോസ് കെ മാണിയുടെ കോലം കത്തിച്ച് പ്രവർത്തകർ
പിറവം: പിറവം നിയോജകമണ്ഡലത്തില്‍ സിപിഎം പ്രതിനിധിയെ പ്രച്ഛന്ന വേഷം കെട്ടിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെത്തിച്ചു സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് സിപിഎം അംഗത്തിനു ജോസ് കെ മാണി സീറ്റ് നല്‍കിയതെന്നാണ് പ്രാദേശിക നേതാക്കളുടെ വാദം.
തെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിക്കണണമെങ്കില്‍ പ്രചാരണത്തിനു പണം വേണമെന്നു ജോസ് കെ മാണി തന്നോട് ആവശ്യപ്പെട്ടെന്ന് പിറവത്തെ പാര്‍ട്ടി നേതാവ് ജില്‍സ് പെരിയപുറം ആരോപിച്ചു. ജോസിനു കൊടുക്കാന്‍ തന്‍റെ കൈയില്‍ പണമുണ്ടായിരുന്നെങ്കില്‍ സീറ്റ് തനിക്കു കിട്ടുമായിരുന്നു എന്നും ജില്‍സ് പറയുന്നു. ഏതായാലും പാര്‍ട്ടിയിലെ സീറ്റ്കച്ചവടത്തില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടി അംഗത്വം രാജിവച്ചു.
പിറവത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് കേരള കോൺഗ്രസ് പ്രവർത്തകർ. സിന്ധുമോൾ ജേക്കബിന് സീറ്റ് നൽകിയതിലാണ് പ്രതിഷേധം. സിന്ധുമോള്‍ കേരള കോണ്‍ഗ്രസ് അംഗമല്ലെന്ന വാദമുയര്‍ത്തിയാണ് പ്രതിഷേധം.
അതേ സമയം, വളരെ കഴിവുള്ളയാളാണ് സിന്ധു മോൾ ജേക്കബ് എന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍. സിപിഎം ടിക്കറ്റില്‍ ഗ്രാമ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിപ്പിച്ചു വിജയിച്ചിട്ടുണ്ട്, വളരെ നന്നായി കഴിവു തെളിയിച്ച അവരെ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ നിന്നു മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നതായും വാസവന്‍ വെളിപ്പെടുത്തി. അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി അറിയില്ലെന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.
ജില്ലാ കമ്മിറ്റിക്ക് മുൻപിൽ ഈ വിഷയം വന്നിട്ടില്ലന്ന് സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. സിന്ധുവിനെതിരെ ഉഴവൂർ ലോക്കൽ കമ്മിറ്റി നടപടിയെടുത്തോ എന്ന് പരിശോധിക്കും. സിന്ധുവിനെതിരെ നടപടി വേണോ എന്നും പരിശോധിക്കും. അംഗത്വ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ പ്രശ്നമില്ലന്നും വാസവൻ
തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും ഇക്കാര്യം പരിശോധിക്കുക. കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പിറവത്ത് മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി പുറത്താക്കിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറി തന്നെ വിശദീകരണവുമായി രംഗത്തു വന്നത്. സ്വന്തം പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത ആളെ വേറൊരു പാര്‍ട്ടി സ്വീകരിക്കുകയും സ്ഥാനാര്‍ഥിയാക്കുകയും ചെയ്യുന്ന വിചിത്രമായ നടപടിയില്‍ കടുത്തുരുത്തിയിലെയും പിറവത്തെയും കേരള കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിന്‍റെ ഭാഗമാണ് ജോസിന്‍റെ കോലം കത്തിക്കല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ ഉയരുന്നത്.