ജ്ഞാനപ്പാന പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക് സമ്മാനിച്ചു
ഗുരുവായൂര്‍: മഹത്തരമായ ആധ്യാത്മിക ദര്‍ശനമുള്ളതാണ് ഭാരതത്തിന്റെ സംസ്‌ക്കാരമെന്നും, അത് തികഞ്ഞ സംസ്‌ക്കാര സമ്പന്നതയുള്ളതാണെന്നും പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ . ഭക്തകവി പൂന്താനത്തിന്റെ പാവന സ്മരണ നിലനിര്‍ത്തി , പൂന്താനദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം വര്‍ഷംതോറും നല്‍കിവരുന്ന ജ്ഞാനപ്പാന പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക് സമ്മാനിച്ചു സംസാരിയ്ക്കുകയായിരുന്നു, വൈശാഖന്‍ മാസ്റ്റര്‍.
ആധ്യാത്മിക ദര്‍ശനത്തിന്റെ പിഴിഞ്ഞെടുത്ത സത്തയാണ് ജ്ഞാനപ്പാന. ജീവിത സംഘര്‍ഷങ്ങളെയും, യാഥാര്‍്ഥ്യങ്ങളേയും നേരിടാന്‍ പ്രേരിപ്പിയ്ക്കുന്നതും, അര്‍ത്ഥമില്ലാത്ത ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കാനുള്ള അവസരവുമാണ് ജ്ഞാനപ്പാന വരച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ തത്വം മനുഷ്യ മനസ്സിലേയ്‌ക്കെത്തിച്ചതും ജ്ഞാനപ്പാനയിലൂടേയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കൂടിയായ വൈശാഖന്‍ അഭിപ്പായപ്പെട്ടു. തത്വമസിയെന്ന തത്വം ലോകത്തോട് വരച്ചുകാട്ടുന്നതും ജ്ഞാനപ്പാനയുടെ മറ്റൊരു വിചിത്രമുഖത്തേയാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
പൂന്താനദിനത്തോടനുബന്ധിച്ച് വൈകീട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭക്തപ്രിയ പത്രാധിപ സമിതി അംഗം ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌ക്കാര ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.
സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഇ.പി.ആര്‍ വേശാല മാസ്റ്റര്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌റ്റ്രേര്‍ ടി. ബ്രീജകുമാരി തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ കാവ്യോച്ചാരണ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വൈശാഖന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു