മാലിന്യത്തെ ചൊല്ലി ചാവക്കാട്നഗര സഭ കൗൺസിൽ യോഗത്തിൽ ബഹളം ,പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു

Above Pot

ചാവക്കാട്: മാലിന്യത്തെ ചൊല്ലി ചാവക്കാട്നഗര സഭ കൗൺസിൽ യോഗത്തിൽ ബഹളം . നഗരസഭയുടെ പരപ്പില്‍താഴത്തെ അജൈവമാലിന്യസംസ്‌ക്കരണകേന്ദ്രമായ മെറ്റീരിയല്‍ റിക്കവറി സെന്റര്‍ പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഇതിനിടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യപ്രശ്‌നത്തില്‍ മുമ്പ് സമരം ചെയ്്ത യുവതിയെ വൈസ് ചെയര്‍മാര്‍ അപമാനിച്ചെന്നാരോപിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി.

30 ലക്ഷം ചെലവില്‍ നിര്‍മിച്ച മെറ്റീരിയില്‍ റിക്കവറി സെന്ററില്‍ അജൈവമാലിന്യം ചാക്കുകണക്കിന് കെട്ടികിടക്കുകയാണെന്നും മാലിന്യനിര്‍മ്മാര്‍ജനം അവതാളത്തിലാണെന്നും യു.ഡി.എഫ്. അംഗമായ കെ.വി.സത്താര്‍ പറഞ്ഞു. എന്നാല്‍ ക്ഷീരമുള്ള അകിടിന്‍ചുവട്ടിലും കൊതുകിന് പ്രിയം ചോരയാണെന്നതു പോലെയാണ് യു.ഡി.എഫ്. അംഗങ്ങളുടെ പരാതിയെന്ന് ഇതിന് മറുപടിയായി എല്‍.ഡി.എഫ്. കൗണ്‍സിലര്‍ എം.ആര്‍.രാധാകൃഷ്ണന്‍ പറഞ്ഞു.സാങ്കേതിക പ്രശ്‌നം കാരണം അജൈവമാലിന്യങ്ങള്‍ നീക്കംചെയ്യുന്നത് ഇല്ലാതായിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ഇത് മുടന്തന്‍ ന്യായമാണെന്നും പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പകരം യു.ഡി.എഫ്. കൗണ്‍സിലര്‍മാരെ അപമാനിക്കുന്ന മറുപടിയാണെന്നും യു.ഡി.എഫ്. തിരിച്ചടിച്ചു. വിഷയത്തില്‍ ചെയര്‍പേഴ്‌സന്‍ മറുപടി പറയണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു.സ്ഥലത്ത് നിലവില്‍ മാലിന്യപ്രശ്‌നങ്ങളില്ലെന്നും അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ എക്കോ ഗ്രീന്‍ കേരള സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നത് കൗണ്‍സില്‍ അജണ്ടയിലുണ്ടെന്നും വിഷയത്തിന് മറുപടിയായി ചെയര്‍പേഴ്‌സന്‍ ഷീജാ പ്രശാന്ത് പറഞ്ഞു.

തുടര്‍ന്ന് ഈ വിഷയത്തില്‍ സംസാരിച്ച വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് മുമ്പ് പരപ്പില്‍താഴത്തെ മാലിന്യപ്രശ്‌നത്തില്‍ സമരം നടത്തിയ യുവതിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു. ഷാഹിദ മുഹമ്മദ്,ബേബി ഫ്രാന്‍സീസ്, അസ്മത്തലി, പി.കെ.കബീര്‍, വി.ജെ.ജോയ്‌സി തുടങ്ങീ യു.ഡി.എഫ്. അംഗങ്ങളും വിഷയത്തില്‍ സംസാരിച്ചു. യു.ഡി.എഫ്. അംഗങ്ങളുടെ ഇറങ്ങിപ്പോക്കിന് ശേഷം കൗണ്‍സിലിലെ മറ്റ് അജണ്ടകള്‍ അംഗീകരിക്കുന്നതായി അറിയിച്ച് ചെയര്‍പേഴ്‌സന്‍ യോഗം അവസാനിപ്പിച്ചു.