ജില്ലയിലെ 16 വനിതാ മേറ്റുമാരെ ആദരിച്ചു
തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റേയും അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വനിതാ മേറ്റുമാരെ ആദരിച്ചു. തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ 16 ബ്ലോക്കുകളിൽ നിന്നുള്ള മേറ്റുമാരെ ഡേവിസ് മാസ്റ്റർ ആദരിച്ചു.
നാടിന്റെ മുഖഛായ മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണ് തൊഴിലുറപ്പ് തൊഴിലാളികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയിൽ വരുമാന വർധനവും ശാക്തീകരണമുന്നേറ്റവും എങ്ങനെയെന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തിൽ നിന്ന് അനുഭവിച്ചറിയണമെന്നും സമൂഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്നവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാദിനത്തിന്റെ യഥാർത്ഥ അംബാസഡർമാരാണ് തൊഴിലുറപ്പ് സ്തീകളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.
സുജന മോഹൻ(അന്തിക്കാട് ബ്ലോക്ക്), അൽഫോൻസ ജോസ്(ചാലക്കുടി), ജയ രവി(ചാവക്കാട്) രജനി ലതീഷ്( ചേർപ്പ്), സുമ വി എ (ചൊവ്വന്നൂർ), അജിത ഉണ്ണി ( ഇരിങ്ങാലക്കുട), സാജിത അസീസ്(കൊടകര), അസ്മാബി നൗഷാദ്(മാള), സജിത കെ പി(മതിലകം), വിജയ സുരേഷ് (മുല്ലശ്ശേരി), ലീല സുനിൽ(ഒല്ലൂക്കര), ശോഭന കെ എം(പഴയന്നൂർ), വേറോണിക്ക ഫ്രാൻസിസ്(പുഴയ്ക്കൽ), മണിമല്ലിക ജയദേവൻ(തളിക്കുളം), സി ഗിരിജ(വെള്ളാങ്ങല്ലൂർ), സുലോചന(വടക്കാഞ്ചേരി) എന്നിവരെയാണ് ആദരിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ വി നഫീസ, കൊടകര പഞ്ചായത്ത് പ്രസിഡന്റും എസ് ഇ ജി സി അംഗവുമായ അമ്പിളി സോമൻ, എ ഡി സി ജനറൽ അയന പി എൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ, ജില്ലാ വനിതാക്ഷേമ ഓഫീസർ മിനി എസ് എന്നിവർ പങ്കെടുത്തു. തുടർന്ന് അന്തിക്കാട്, ചാഴൂർ, മണലൂർ, താന്ന്യം, അടാട്ട് എന്നീ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.