നഗരസഭയുടെ പ്രൊജക്ടുകള്‍ ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കും .
ചാവക്കാട് : നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയിലെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിര്‍വഹണം ആരംഭിക്കേണ്ട പ്രൊജക്ടുകള്‍ ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ പരിധിയില്‍ 2021 ഏപ്രില്‍ 28 മുതല്‍ ഓഗസ്റ്റ് 30 വരെ ലോക്ക്‌ഡൌണ്‍ നിലവിലിരുന്ന സാഹചര്യത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലേലം എടുത്തിട്ടുള്ളതും ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതുമായ ലേലങ്ങളില്‍ ലേല തുകയുടെ 60 ശതമാനമോ അതിലധികമോ നല്‍കിയവര്‍ക്ക് ബാക്കി തുക ഒഴിവാക്കി നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി കത്തയക്കുന്നതിനും യോഗം തീരുമാനിച്ചു.
നഗരസഭ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചതില്‍ ലഭ്യമായ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ അംഗീകരിക്കുന്നതിനും ചാവക്കാട് നഗരസഭ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് രണ്ടാം നില പൂര്‍ത്തീകരണം, പൊതു കിണറുകളുടെ പുനരുദ്ധാരണം എന്നീ പ്രവര്‍ത്തികള്‍ക്ക് റീ ടെന്‍ഡര്‍ ക്ഷണിക്കുന്നതിനും തീരുമാനമായി. ഹരിത കര്‍മ്മസേന അജൈവ മാലിന്യം ഉറവിടത്തില്‍ നിന്നും ശേഖരിക്കുന്ന പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം എന്ന പദ്ധതി നഗരസഭയില്‍ നടപ്പിലാക്കുന്നതിനായി കെല്‍ട്രോണുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.