ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ട് : പി ജയരാജൻ
കണ്ണൂർ : പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജന്. സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നില് ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉള്‍ക്കൊള്ളണമെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തില്‍ ജയരാജന് പറഞ്ഞു.
ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കു തെറ്റു പറ്റിയിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന്, രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പരസ്യമായി നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ഈ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് ജയരാജന് നിലപാട് ആവര്‍ത്തിച്ചത്. സാജനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്മാരാണ്- ജയരാജൻ കൂട്ടിച്ചേർത്തു.
എന്നാല്‍, സിപിഎമ്മിന്റെ ജില്ലാക്കമ്മിറ്റി അംഗം കൂടിയായ ശ്യാമള ടീച്ചറാണ് അവിടുത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ശ്യാമളടീച്ചറിന്റെ ഭാഗത്ത് വീഴ്ച ഉണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം- ജയരാജൻ കൂട്ടിച്ചേർത്തു