ചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായി . രാത്രി 12 07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നു . ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ആദ്യമായി ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുകയാണ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഘല വിന്ന്യസിച്ച് ഇന്‍റർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യവിക്ഷേപണം. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം.
ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഈ റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിന്‍റെ വാഹനവും ജിഎസ്എൽവി മാർക് 3 യാണ്. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്ന പേരിലാണ് ജിഎസ്എൽവി മാർക്ക് 3 ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നത്.
648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു. റഷ്യയുടെ റോസ്കോസ്മോസിന്‍റെ സേവനമാണ് ഇതുവരെ അവർ ഉപയോഗിച്ചിരുന്നത്. യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയും ഇതര യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് വെബ് വൺ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്.