കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയം കൊടുങ്ങല്ലൂരിൽ
തൃശൂര്‍ : കൊടുങ്ങല്ലൂരിന്റെ മാറ്റ് കൂട്ടാൻ കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് പൈതൃക ഹെറിറ്റേജ് മ്യൂസിയം യാഥാത്ഥ്യമാകുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദുമായി ബന്ധപ്പെട്ടാകും മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കുക. മസ്ജിദിനോട് ചേർന്നുള്ള മ്യൂസിയം വിപുലമാക്കിയാണ് പൈതൃക മ്യൂസിയം വരുന്നത്. ചേരമാൻ ജുമാമസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയാകുന്നതിന് മുമ്പ് മ്യൂസിയം പൂർത്തിയാവും.
വിദേശ സഞ്ചാരികൾക്കും ചരിത്രാന്വേഷണ കുതുകികൾക്കും വ്യത്യസ്തമായ അനുഭവമായിരിക്കും മ്യൂസിയം നൽകുക. വിവിധ ഗാലറികളിലായി കേരളത്തിലങ്ങോളമിങ്ങോളമുള്ള മുസ്ലിം പള്ളികളിൽ നിന്നും പുരാതന മുസ്ലിം കുടുംബങ്ങളിൽ നിന്നും കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിൽ നിന്നുമുള്ള പൗരാണിക സ്മാരകങ്ങളുടെ വൻ ശേഖരമാണ് ഇവിടെ ഒരുക്കുക. അറബി-മലയാളത്തിൽ എഴുതപ്പെട്ട അത്യപൂർവങ്ങളായ പ്രമാണങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ടാകും. ഒരു ലക്ഷം അറബി-മലയാളം ഡോക്യൂമെന്റ്സ് ആണ് സ്‌കാൻ ചെയ്തു മുസിരിസ് പൈതൃക പദ്ധതിയിൽ സൂക്ഷിച്ചിരിക്കുന്നത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെയും കലാരൂപങ്ങളുടെയും ഫോട്ടോകളും വീഡിയോകളും ഡോക്മെന്റ് ചെയ്തു പ്രദർശിപ്പിക്കും.വിവാഹം, വെട്ട് കുത്ത് റാത്തീബ്, നേർച്ച, ഒപ്പന,ദഫ്മുട്ട് എന്നിവയെല്ലാം ഇതിൽപ്പെടും
കേരളത്തിലെ പൗരാണികവും പ്രശസ്തവുമായ പള്ളികളുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ, കേരള-അറബ് സംസ്‌കാരവും തായ് വഴികളും, കേരളത്തിൽ ഇസ്ലാം കടന്നു വന്ന വഴികൾ, സ്പൈസ് റൂട്ട്, മുസിരിസുമായി പ്രാചീനരാജ്യങ്ങൾ പുലർത്തിയിരുന്ന വ്യാപാരബന്ധം, മാലിക് ഇബ്നു ദീനാർ ചേരമാൻ പള്ളി സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചരിത്രം, ഒമാനുമായുള്ള ബന്ധം, പോർച്ചുഗീസ് കാലഘട്ടവും കുഞ്ഞാലി മരക്കാരും, അറയ്ക്കൽ രാജവംശത്തിന്റെ ചരിത്രവും സൂക്ഷിപ്പുകളും എല്ലാം മ്യൂസിയം വഴി പ്രദർശിപ്പിക്കും. 136ൽ പരം ഇനങ്ങളുടെ വ്യത്യസ്തങ്ങളായ സ്മാരകങ്ങളാണ് ഇത് വഴി കാണാൻ സാധിക്കുക.
ഡോ. ഇല്യാസ്, പ്രൊഫ.സി. ആദർശ്, ഡോ. സെയ്ത് മുഹമ്മദ്, അഷ്‌റഫ് കടയ്ക്കൽ എന്നിവരടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി നടത്തുന്ന ഗവേഷണത്തിന്റെ ഫലങ്ങളാണ് ഈ സൂക്ഷിപ്പുകൾ.
70 ലക്ഷം രൂപയാണ് മ്യൂസിയം പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. കേരള സ്റ്റേറ്റ് ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഡിസൈൻ വർക്കുകൾ നടപ്പാക്കുക. ഇസ്ലാമിക് ചരിത്രം-സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട സൂക്ഷിപ്പുകൾ കൈവശമുള്ളവർ മുസിരിസ് പൈതൃക പദ്ധതി ഓഫീസുമായി ബന്ധപ്പെട്ടാൽ അർഹതപ്പെട്ട വില നൽകി മ്യൂസിയം പദ്ധതിയ്ക്കായി അവ ഏറ്റെടുക്കുമെന്നും മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് അറിയിച്ചു.