നവീകരിച്ച വന്നേരി കിണറിന്റെ ഉൽഘാടനം ഞായറഴ്ച നടക്കും

">

ഗുരുവായൂര്‍: നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരിങ്ങപ്പുറത്തെ വന്നേരി കിണറിന് പുതുശോഭ. ഒരു കാലത്ത് ഒരു പ്രദേശത്തിൻറെ മുഴുവൻ ദാഹമകറ്റിയിരുന്ന കിണറിനെ വാർഡ് കൗൺസിലറായ അഭിലാഷ് വി. ചന്ദ്രൻറെ നേതൃത്വത്തിലാണ് നവീകരിച്ചത്. ‘ഭൂതത്താൻമാർ ചേർന്ന് ഒറ്റരാത്രി കൊണ്ട് നിർമിച്ച കിണർ’ എന്നൊരു സങ്കൽപ്പ കഥയുള്ള ഈ കിണറിൻറെ പഴക്കം എത്രയെന്ന് ആർക്കുമറിയില്ല. പ്രദേശത്ത് നിലവിലുണ്ട്. നാല് മീറ്ററോറം വ്യാസമുള്ള ഈ കിണർ വെട്ടുകല്ലുകൾ ചേർത്തുവെച്ച് സിമൻറോ മറ്റ് മിശ്രിതങ്ങളോ ഉപയോഗിക്കാതെയാണ് പണിതിരിക്കുന്നത്. ഓരോ വീട്ടിലും കിണറില്ലാതിരുന്ന കാലത്ത് പ്രദേശവാസികൾക്ക് ഏക ആശ്രയം വറ്റാത്ത തെളിനീരുറവയുള്ള വന്നേരി കിണറായിരുന്നു. കിണറ്റിൻ കരയിൽ ആളൊഴിഞ്ഞ നേരമില്ലാത്ത കാലമായിരുന്നു അത്. വീടുതോറും കിണറായപ്പോൾ വന്നേരി കിണറിൻറെ പ്രാധാന്യം കുറഞ്ഞു. കിണറിൻറെ ആൾമറയും മറ്റും നശിക്കാനും കുറ്റിച്ചെടികൾ വളരാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് പൈതൃക സ്വത്തായ കിണറിനെ സംരക്ഷിക്കാൻ വാർഡ് കൗൺസിലറായ വൈസ് ചെയർമാൻ അഭിലാഷ് മുൻകൈയെടുത്തത്. നാട്ടിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്തുണക്കുകയും ചെയ്തു. കനറ ബാങ്കിൻറെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. പ്രദേശത്തിന് വന്നേരി ജങ്ഷൻ എന്ന പേരും നൽകി. കൃഷി വകുപ്പിൻറെ ജീവനി പദ്ധതിയിൽ കിണറിൻറെ പരിസരത്ത് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നുമുണ്ട്. നവീകരിച്ച കിണർ ഇന്ന് വൈകീട്ട് നാലിന് ചീഫ് വിപ്പ് കെ. രാജൻ നാടിന് സമർപ്പിക്കും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ എം.രതി മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors