ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകം ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹിഃ കോവിഡ് പ്രതിരോധത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ നോക്കി ലോകാരോഗ്യ സംഘടനയുടെ പഴി. ആവശ്യത്തിനു സമയം കിട്ടിയിട്ടും വേണ്ട മുന്‍കരുതലുകളെടുക്കാതിരുന്ന ഇന്ത്യയിലെ ഇന്നത്തെ കാഴ്ചകള്‍ ഹൃദയ ഭേദകമാണെന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്. പ്രാണവായുവിനും മരുന്നിനും വേണ്ടി ഇന്ത്യന്‍ ജനത നെട്ടോട്ടമോടുകയാണെന്നാണ് സംഘടനയുടെ ആരോഗ്യകാര്യ ബുള്ളറ്റിനില്‍ പറയുന്നത്.
കോവിഡിന്‍റെ തുടക്ക കാലത്ത് രാജ്യം വലിയ നേട്ടമുണ്ടാക്കിയെന്നു വീമ്പിളക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഇമേജിനു വേണ്ടി വിദേശരാജ്യങ്ങള്‍ക്കാണു കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കിയത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യ കൈവരിച്ച പൊതുജനാരോഗ്യ സംരക്ഷണ പദ്ധതികളുടെ നേട്ടമായിരുന്നു തുടക്കകാലത്ത് രാജ്യത്ത് കോവിഡ് വ്യാപനം തടഞ്ഞു നിര്‍ത്തിയത്. കോവിഡ് പ്രത്യക്ഷപ്പെട്ടതിനു ശേഷം ലോകരാജ്യങ്ങളെല്ലാം അതിവേഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടി. എന്നാല്‍ ഇന്ത്യയില്‍ കാര്യമായ മുന്‍കരുതലുകളൊന്നുമെടുത്തില്ല.
രണ്ടാം വരവ് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും കൂടുതല്‍ ആശുപത്രികളോ, കിടക്കകളോ, ഐസിയു സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയില്ല. ഓക്സിജന്‍ ഉത്പാദനത്തെക്കുറിച്ച് ഗൗരവമായി ആലോചിച്ചതുപോലുമില്ല. ഇതൊക്കെയാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്നാണ് വിലയിരുത്തല്‍. ലോക മാധ്യമങ്ങളെല്ലാം മോദിക്കെതിരേ നിശിതമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണു സ്ഥിതി രൂക്ഷം. കോടതികള്‍ വരെ ഇടപെട്ടിട്ടും ഒന്നും ചെയ്യാനാവുന്നില്ല. വീശുന്നതു കോവിഡ് തംരഗമല്ല സുനാമിയാണെന്നാണു ഡല്‍ഹി ഹൈക്കോടതി വിലയിരുത്തിയത്. പ്രധാന ആശുപത്രികളിലൊരിടത്തും സൂചി കുത്താന്‍ ഇടമില്ല. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്നു. അവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്നു. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ യൂറോപ്പിലും യുഎസിലും കണ്ട കാഴ്ചകളാണ് ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ കാണുന്നത്. അതിനെയാണ് ഹൃദയ ഭേദകം എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
പ്രതിദിനം നാലു ലക്ഷത്തോളം രോഗികളും മൂവായിരത്തോളം മരണങ്ങളുമാണ് ഇന്ത്യയില്‍ നടക്കുന്നത്.