ശബരിമല, ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നു : ജി. സുകുമാരൻ നായർ

Above Pot

ചങ്ങനാശ്ശേരി : ശബരിമല വിഷയത്തിന്റെ പേരിൽ എൻഎസ്എസിനെതിരെയുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതൽ ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.



എൻഎസ്എസിനോ എൻഎസ്എസ് നേതൃത്വത്തിലുള്ളവർക്കോ പാർലമെന്ററി മോഹങ്ങളൊന്നുമില്ല. സ്ഥാനമാനങ്ങൾക്കോ രാഷ്ട്രീയ നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയനേതാക്കളുടെയോ പടിവാതിൽക്കൽ പോയിട്ടുമില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം നിലകൊണ്ടിട്ടുള്ളത്.

എൻഎസ്എസ് എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്. അതിൽ രാഷ്ട്രീയം കാണുന്നുമില്ല. ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അവർ ഏതു മതത്തിൽപ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജീവവായുപോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നു പോകുന്നവർക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എൻഎസ്എസിനെതിരെയുള്ള ഇത്തരം വിമർശനങ്ങളെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.