ഇടതു തരംഗത്തിന് അടിത്തറയിട്ടത് “മുസ്ലിം പേടിയോ”?
പ്രതിപക്ഷപാര്‍ട്ടികളെ നിലംപരിശാക്കി ഭരണത്തുടര്‍ച്ച നേടിയ ഇടതുതരംഗത്തിന് അടിത്തറയിട്ടത് മുസ്ലിം പേടിയോ? .കേരളത്തില്‍ ഇത്തവണ കുറഞ്ഞത് മൂന്നു താമരയെങ്കിലും വിടരുമെന്ന് ഉറച്ചുവിശ്വസിച്ച ബി.ജെ.പി.- സംഘപരിവാര്‍ ശക്തികളെ അമ്പരിപ്പിച്ച് നേമത്തെ ‘അക്കൗണ്ട്’ കൂടി പൂട്ടിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ തേരോട്ടം.
എന്നാല്‍ 99 സീറ്റിന്റെ വമ്പന്‍വിജയം സ്വന്തമാക്കാന്‍ ഇടതുമുന്നണിയെ സഹായിച്ചത് ബി.ജെ.പി. സ്വീകരിച്ച രാഷ്ട്രീയ തന്ത്രം പാളിയതു കൊണ്ടാണെന്നു വിലയിരുത്തുന്നവരുണ്ട്.
ബിജെപി തൊടുത്തുവിട്ട ‘മുസ്ലിംപേടി’ ക്രിസ്ത്യന്‍സഭയടക്കം മറ്റു മതസ്തരുടെ വോട്ടുകൂടി പിണറായിക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എക്കാലത്തും തുണയായി മാറിയിരുന്ന ക്രിസ്ത്യന്‍ സമൂഹത്തില്‍ കൃത്യമായ വിള്ളല്‍ വീഴ്ത്തിയത് ബിജെപിയുടെ ഈ നീക്കമായിരുന്നു.
കൃത്യമായ മുസ്ലിം വിരുദ്ധത പടര്‍ത്തി ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ നേടാനും അതുവഴി മധ്യകേരളത്തില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ താമര വിരിയിക്കാനും ശ്രമിച്ച ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇത്തവണ ഇടതുപക്ഷത്തെ തുണച്ചതെന്ന് വോട്ടിങ്ങ് പാറ്റേണ്‍ പരിശോധിച്ചാല്‍ മനസിലാകും.
മുന്നോക്ക സാമ്പത്തിക സംവരണത്തിനെതിരേ ലീഗ് രംഗത്തുവന്നതും തുര്‍ക്കിയിലെ ക്രിസ്ത്യന്‍പള്ളി പൊളിച്ചതിനെ ന്യായീകരിച്ച പാണക്കാട് കുടുംബാംഗത്തിന്റെ ലേഖന വിവാദവും ലൗജിഹാദ് പരിഭവങ്ങളുമെല്ലാം മനസിലാക്കി മിസോറം ഗവണറായ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിലാണ് സഭാ നേതൃത്വങ്ങളെ അടുപ്പിക്കാന്‍ ബിജെപി ശ്രമിച്ചത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തുടര്‍ ചര്‍ച്ചകളും മറ്റു മതസ്ഥരുടെ ഇടയിലും ‘മുസ്ളിം’ അപ്രമാദിത്തത്തെക്കുറിച്ചുള്ള ഭീതി പടരാനിടയാക്കുകയും ചെയ്തു.
എന്നാല്‍ ക്രിസ്ത്യന്‍-ഹിന്ദു സമൂഹം ഇക്കാര്യം ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് നിനച്ച സംഘപരിവാര്‍ ശക്തികളുടെ പ്രതീക്ഷയാണ് തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പൊളിഞ്ഞത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗ് പ്രബല ശക്തിയായി മാറുകയും വിദ്യാഭ്യാസമടക്കമുള്ള നിര്‍ണ്ണായക വകുപ്പുകള്‍ കൈയടക്കുകയും മുന്നോക്ക സംവരണമടക്കമുള്ള വിഷയങ്ങളില്‍ എതിര്‍നിലപാടുകള്‍ സ്വീകരിക്കുമെന്നും ക്രിസ്ത്യന്‍-ഹിന്ദു സമൂഹം ഭയന്നു.
ഇത് ക്രിസ്ത്യന്‍ വോട്ടുകള്‍ കൃത്യമായി ഇടതുപക്ഷത്തിലെത്തിക്കുകയും ബി.ജെ.പി. അനുകൂല മനോഭാവം ഉള്ളവരുടെ വോട്ടുകള്‍ കൂടി ചോര്‍ത്തുകയും ചെയ്തു.
ഒരു വശത്ത് ഇത്തരത്തില്‍ ക്രിസ്ത്യന്‍-ഹിന്ദു വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചായുമ്പോള്‍ ബി.ജെ.പിയെ തടയാന്‍ മുസ്ലിംവോട്ടുകളും കൃത്യമായി ഇടതുപക്ഷത്തിലേക്കെത്തി.
ബി.ജെ.പി. പ്രതീക്ഷ വച്ച എല്ലാ ‘എ’ പ്ലസ് മണ്ഡലങ്ങളിലും ഈ മുസ്ലിംവോട്ടുകളുടെ എകീകരണം വ്യക്തമാണ്. പാലക്കാട്ട് ഇ.ശ്രീധരനെ തോല്‍പിച്ചത് ഇടതുപക്ഷത്തിന് മേല്‍കൈയ്യുള്ള പഞ്ചായത്തുകളില്‍ ഷാഫി പറമ്പിലിന് അനുകൂലമായി മുസ്ലിംവോട്ടുകള്‍ ഒഴുകിയതുകൊണ്ടാണ്. നേമത്തും കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇത് ആവര്‍ത്തിച്ചതോടെയാണ് വര്‍ഗീയധ്രുവീകരണം നടന്നൂവെന്ന് ബി.ജെ.പി പരസ്യമായി ഇന്നലെത്തന്നെ ഉന്നയിച്ചത്.
ചക്കിനുവച്ചത് കൊണ്ടുവെന്നു പറയുംപോലെ ബി.ജെ.പി. വളര്‍ത്തിയ ‘ലീഗ് വിരുദ്ധത’ ഫലത്തില്‍ ഹിന്ദുസമൂഹവും ഗൗരവത്തിലെടുത്തതാണ് ബി.ജെ.പി വോട്ടുവിഹതം കുറഞ്ഞതിലുള്ള മറ്റൊരു കാരണം.
കഴിഞ്ഞ തവണത്തേക്കാള്‍ പതിമൂന്നു ശതമാനത്തിലധികം വോട്ടു ചോര്‍ച്ച ബി.ജെ.പിക്ക് സംഭവിച്ചതും ഹിന്ദുസമൂഹത്തില്‍ പടര്‍ന്ന ഈ ‘ലീഗ്’ വിരുദ്ധ ചര്‍ച്ചകളുടെ ഫലം കൂടിയാണെന്ന് മനസിലാക്കാം..