ഈന്തപ്പഴ വിതരണം പോലെ എളുപ്പമല്ല യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് .
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനത്തിന് അംഗീകാരം നൽകി ഗവര്‍ണർ ഒപ്പിട്ട മഷി ഉണങ്ങും മുൻപേ, സര്‍വകലാശാല ഓര്‍ഡിനന്‍സിലെ നിര്‍ണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തത് പിണറായി സര്‍ക്കാരിനു നിനച്ചിരിക്കാതെയുള്ള തിരിച്ചടിയായി. സംസ്ഥാനത്തെ വിദൂര, സ്വകാര്യ വിദ്യാഭ്യാസം പൂര്‍ണമായി ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
പത്തനംതിട്ടയിലെ പാരലല്‍ കോളേജ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി സ്റ്റേ അനുവദിച്ചത്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആണിക്കല്ലും മൂലക്കല്ലും ഈ വ്യവസ്ഥയെ അധികരിച്ചാണ് നിലകൊള്ളുന്നത്. ഈ വ്യവസ്ഥയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. യുജിസി അംഗീകാരമുള്ള കേരള-കാലിക്കറ്റ്-എംജി-കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ നിലനില്‍ക്കുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും പ്രൈവറ്റ് കോഴ്‌സുകളും ഒരു രീതിയിലുള്ള മോഷ്ടിച്ച് കടത്തലിനാണ് സര്‍ക്കാര്‍പരിപാടിയിട്ടത്. അംഗീകാരമുള്ള സര്‍വ്വകലാശാലയിലെ കോഴ്‌സുകള്‍ മോഷ്ടിച്ച് കടത്തുമ്ബോള്‍ ശ്രീനാരായണഗുരു സര്‍വ്വകലാശാലയ്ക്കും അംഗീകാരമാക്കുക എന്നതായിരുന്നു ലക്ഷ്യം.
.
2017 യുജിസി റെഗുലേഷന്‍ അനുസരിച്ചുള്ള അടിസ്ഥാന സൗകര്യം പുതിയ സര്‍വ്വകലാശാലയിലുണ്ടോ? അതനുസരിച്ച് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ടോ? കേരളത്തിലെ നാല് സര്‍വ്വകലാശാലകള്‍ക്കും അംഗീകാരമുണ്ട്. അവിടുത്തെ കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ട്. ഈ കോഴ്‌സുകള്‍ എവിടേയ്ക്കാണ് പോകുന്നത്. അംഗീകാരമില്ലാത്ത സര്‍വ്വകലാശാലയിലെക്കോ? ഈ കോഴ്‌സുകള്‍ നടത്താനുള്ള എന്ത് അടിസ്ഥാന സൗകര്യമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ഉള്ളത്. പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെയാണ് ഈ ചോദ്യ ശരങ്ങള്‍ക്കൊണ്ട് ഹൈക്കോടതി പിടിച്ചു കുലുക്കിയത്.
അതിനു ശേഷം ഹൈക്കോടതി പറഞ്ഞത് ഇതാണ്: നിങ്ങള്‍ യുജിസിയുടെയും കേന്ദ്ര ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ഡയരക്ടറെറ്റിന്റെ അനുമതി പത്രവും കൊണ്ട് വരൂ. അതിനു ശേഷം തീരുമാനിക്കാം എന്നാണ് ഹൈക്കോടതി പറഞ്ഞത് അത് വരെ നടപടികള്‍ക്ക് സ്റ്റേയും നല്‍കി. വെള്ളിയാഴ്ച ഈ രേഖകള്‍ ഹൈക്കോടതിയില്‍ എത്തിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശത്തിന്റെ ഭാവിയില്‍ തൂങ്ങി മാത്രമാണ് ശ്രീനാരായണഗുരു സര്‍വ്വകലാശാലയുടെ നിലനില്‍പ്പ്. ഈന്തപ്പഴ വിതരണം പോലെ എളുപ്പമല്ല യൂണിവേഴ്‌സിറ്റി സ്ഥാപിക്കുകയെന്നാണ് സര്‍ക്കാരിനെ ഹൈക്കോടതി ബോധ്യപ്പെടുത്തിയിരിക്കുന്നത്.
സാങ്കേതിക സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല, ആരോഗ്യ സര്‍വ്വകലാശാല എല്ലാം ഒരൊറ്റ ഓര്‍ഡിനന്‍സ് വഴിയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും ഇതുപോലെ ഒരു ഓര്‍ഡിനന്‍സ് വഴി ഉണ്ടാക്കാം എന്ന് സര്‍ക്കാര്‍ കരുതി. അതെല്ലാം അഫിലിയേറ്റഡ് കോളേജുകളെ ഒരു സര്‍വ്വകലാശാലയ്ക്ക് കീഴില്‍ കൊണ്ട് വരേണ്ട ദൗത്യമാണ്. ഇത് അങ്ങനെയല്ല. അതിലുള്ള വ്യത്യാസം സര്‍ക്കാര്‍ മനസിലാക്കിയതുമില്ല. ഇവിടെ വിവിധ സര്‍വ്വകലാശാലകളിലായി വിവിധ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ പഠനം മുഴുവന്‍ പുതിയ സര്‍വ്വകലാശാലയിലേക്ക് നീക്കുകയാണ്. ഈ നീക്കത്തില്‍ സര്‍ക്കാര്‍ കാണിച്ച അസാധാരണ തിടുക്കത്തില്‍ ഹൈക്കോടതി അപകടം മണക്കുകയാണ് ചെയ്തത്.
അതുകൊണ്ട് തന്നെയാണ് വിദൂര, സ്വകാര്യ വിദ്യാഭ്യാസം പൂര്‍ണമായി ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ തന്നെ കോടതി സ്റ്റേ ചെയ്തത്. ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സര്‍വകലാശാലയില്‍ പഠിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ എന്ന് ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ ഈ വാദത്തില്‍ കാമ്ബുണ്ടെന്നാണ് കോടതി കണ്ടത്. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായവും അനുവദിക്കത്തക്കവുമാണെന്ന് അപ്പോള്‍ തന്നെ കോടതി വിധിയെഴുതി. ഈ വിധിയെഴുത്ത് സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയായി മാറി.
രാജ്യത്ത് നിലവിലിരിക്കുന്ന വ്യവസ്ഥയും വെള്ളിയാഴ്ചയും എല്ലാം കാറ്റില്‍പ്പറത്തി ഭരണം നടത്തിയ സര്‍ക്കാരിനു ഈ അവസാന വര്‍ഷം തിരിച്ചടികളുടെ കാലമാണ്. ലൈഫ് മിഷന്‍ ആരോപണങ്ങളും സ്വര്‍ണ്ണക്കടത്തുമെല്ലാം സര്‍ക്കാരിനെ ഭരണനഷ്ടം ഓര്‍മ്മിപ്പിക്കുകയാണ്. ഇതിനെല്ലാം ഉപരിയാണ് കോടതികളില്‍ നിന്നും സര്‍ക്കാരിനു ഏല്‍ക്കുന്ന നിരന്തര തിരിച്ചടികള്‍. ലൈഫ് മിഷന് എതിരെ സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചത് വന്‍ തിരിച്ചടിയാണ്.
അതിനു പുറമെയാണ് ഈഴവ വോട്ടു ബാങ്കിനെ സ്വാധീനിക്കാന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള നീക്കത്തിനു തിരിച്ചടി കോടതിയില്‍ നിന്നും നേരിട്ടത്. യുജിസിയുടെ സമ്മത പത്രവും കേന്ദ്ര ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ഡയരക്ടറെറ്റിന്റെ അനുമതി പത്രവുമെല്ലാമായി ഹൈക്കോടതിയില്‍ എത്താനാണ് കോടതി നിര്‍ദ്ദേശിച്ചത്. അതുവരെ ഒരു പ്രവര്‍ത്തനവും വേണ്ടെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതായത് ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റേയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഈ സ്റ്റേ നീക്കാതെ ഒരു പ്രവര്‍ത്തനവും സാധ്യവുമല്ല.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. സര്‍ക്കാര്‍ ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകരിയുമെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. നാല്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന പ്രൈവറ്റ്-പാരലല്‍ കോളേജുകളുടെ അസ്തിവാരം കൂടി തോണ്ടിയിട്ടാണ് ഈ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വരവ്. യോജ്യരായിട്ടും റെഗുലര്‍ കോളേജില്‍ പഠിക്കാന്‍ കഴിയാത്ത സാധാരണക്കാരുടെ മക്കളാണ് സര്‍വ്വകലാശാലകളില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തി വിദ്യാഭ്യാസം തുടരുന്നത്.
ഒരേ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുന്ന എന്നുള്ളതുകൊണ്ടാണ് പ്രൈവറ്റ്-പാരലല്‍ കോളേജില്‍ പോയി പഠിച്ച് ഇവര്‍ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ട് പോകുന്നത്. ഇവര്‍ ഇതുവരെ പഠനം തുടങ്ങിയ സര്‍വ്വകലാശാലകളെ ഈ ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയുടെ വരവോടെ ആശ്രയിക്കാന്‍ കഴിയില്ലെന്നതായിരുന്നു ഒരു പ്രധാന പ്രശ്നം. പഠനം ഇനി ഓപ്പണ്‍ സര്‍വ്വകലാശാലയിലേക്ക് മാറ്റേണ്ട അവസ്ഥ വരുമായിരുന്നു. ലഭിക്കുന്നത് ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലകളിലെ വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളും ലക്ഷ്യംവച്ചായിരുന്നു സര്‍ക്കാര്‍ ശ്രീനാരായണ സര്‍വ്വകലാശാലക്ക് തുടക്കമിട്ടത്.
അധികാരത്തില്‍ നിന്നിറങ്ങാന്‍ പോകുന്ന സര്‍ക്കാര്‍ ധൃതിയില്‍ യുജിസിയുടെ മുകളില്‍ പഴി ചാരിയാണ് ഓപ്പണ്‍ സര്‍വ്വകലാശാല തുടങ്ങിയത്. നാക് സ്‌കോര്‍ 3.1 നു മുകളില്‍ വരുന്ന, യുജിസിയുടെ ആദ്യ നൂറു റാങ്കുകളില്‍ തുടരുന്ന സര്‍വ്വകലാശാലകള്‍ക്ക് പ്രൈവറ്റ്-വിദൂരവിദ്യാഭ്യാസം തുടരാന്‍ യുജിസി നിയമ പ്രകാരം കഴിയും. ഇപ്പോള്‍ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും നടത്തുന്ന കാലിക്കറ്റ്, കണ്ണൂര്‍, എംജി, കേരള സര്‍വ്വകലാശാലകള്‍ യുജിസിയുടെ ആദ്യ നൂറു സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ വരുന്നതാണ്. നാക് സ്‌കോര്‍ 3.1 നു മുകളിലുമുണ്ട്. ഈ സര്‍വ്വകലാശാലകള്‍ കോഴ്‌സുകള്‍ നടത്തുന്നതില്‍ അതുകൊണ്ട് തന്നെ യുജിസിക്ക് എതിര്‍പ്പില്ല.
എതിര്‍പ്പ് കേരള സര്‍ക്കാരാണ് ഉണ്ടാക്കിയത്. യുജിസിയുടെ എതിര്‍പ്പുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിര്‍ക്കാന്‍ കഴിയാത്ത വിധം ശ്രീനാരായണഗുരുവിന്റെ പേരും നല്‍കി രാഷ്ട്രീയ തട്ടിപ്പാണ് സര്‍ക്കാര്‍ ഈ സര്‍വ്വകലാശാലയുടെ പേരില്‍ നടത്തുന്നത്. യുജിസി നിയമം മാറ്റിയ കാര്യം സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണ്. സര്‍ക്കാര്‍ പറയുന്നത് നാക് സ്‌കോര്‍ 3.26-നു മുകളിലുണ്ടെങ്കിലേ സര്‍വകലാശാലകള്‍ക്ക് വിദൂരപഠനസംവിധാനങ്ങള്‍ നടത്താനാവൂ. പുതിയ സര്‍വ്വകലാശാല കൊണ്ട് വരാന്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിച്ച് പഠനം മുന്നോട്ടു കൊണ്ട് പോകുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവികൊണ്ട് രാഷ്ടീയ ചൂതാട്ടമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒരേ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ മറ്റു സംസ്ഥാനങ്ങളിലേക്കും തള്ളിവിടുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഈ തീരുമാനം പ്രൈവറ്റ്-പാരലല്‍ കോളേജുകളുടെ അടിവേര് മാന്തുകയും ചെയ്യും.
പ്രൈവറ്റ് രജിട്രേഷന്‍ റഗുലര്‍ സര്‍വ്വകലാശാലയില്‍ നിലനിന്നെങ്കിലേ പാരലല്‍ കോളജുകള്‍ക്ക് പ്രസക്തിയുള്ളു. പ്രാക്ടിക്കല്‍ സൗകര്യം വേണ്ടാത്ത ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ അഫിലിയേറ്റഡ് കോളജ് സിലബസ്സില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം പഠിക്കാന്‍ അവസരം നല്‍കുന്നതാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരേ പരീക്ഷ നടത്തി ഒരേ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുക മാത്രമാണ് സര്‍വ്വകലാശാലയുടെ ബാധ്യത. വിദ്യാര്‍ത്ഥികളുടെ അക്കാദമിക കാര്യങ്ങളിലൊന്നും സര്‍വ്വകലാശാല ഇടപെടുന്നില്ല. അതിനാല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏക ആശ്രയം പാരലല്‍ കോളജുകള്‍ മാത്രമാണ്. ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ വിദൂര പ്രോഗ്രാമുകള്‍ മാത്രമാണ്. പ്രത്യേക സിലബസ്സാണ്.
അവിടെ റഗുലര്‍ പഠനം ഇല്ല. സ്റ്റഡി മെറ്റീരിയലും നിശ്ചിത കോണ്‍ടാക്റ്റ് ക്ലാസ്സുകളും നിര്‍ബന്ധമാണ്. അവധി ദിവസങ്ങളില്‍ സമ്ബര്‍ക്ക ക്ലാസ്സിന് പോകണം. ചുരുക്കത്തില്‍ വിദൂര പ്രോഗ്രാമിന് ചേരുന്ന വിദ്യാര്‍ത്ഥികളുടെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വകലാശാലക്ക് നേരിട്ട് പങ്കുണ്ട്. ഒരു പക്ഷേ പരിമിതമായ കോണ്‍ടാക്റ്റ് ക്ലാസ്സുകള്‍ പോരാത്ത ഒരു വിഭാഗം കുട്ടികള്‍ പാരലല്‍ കോളജുകളില്‍ ട്യൂഷനായി എത്തിയേക്കാം. എന്നാല്‍ റഗുലറായി പാരലല്‍ കോളജില്‍ അഞ്ച് ദിവസം പഠിച്ച് ശനി, ഞായര്‍ ദിവസങ്ങള്‍ റഗുലര്‍ വിദ്യാര്‍ത്ഥികളെ പോലെ പഠിക്കാവുന്ന പാരലല്‍ പഠനം ഇതോടെ ഇല്ലാതാകും. ഈ കോളേജുകളെ ആശ്രയിച്ച് ജീവിക്കുന്ന അദ്ധ്യാപകരും ഇതിന്റെ ഉടമകളും വഴിയാധാരമാവുകയും ചെയ്യും. ഇതാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലകൊണ്ട് കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ. കോടതി ഉത്തരവോടെ സംസ്ഥാനത്തെ പാര്‍ലല്‍ കോളേജുകള്‍ക്കാണ് ആശ്വാസമാകുന്നത്.