മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു .
കൊച്ചി : അട്ടപാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു . കേസുമായി ബന്ധപ്പെട്ട് ചില പുകമറകൾ നിലനിൽക്കുന്നുണ്ടെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ട കോടതി മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. മഞ്ചിക്കണ്ടിയിൽ നടന്നത് കസ്റ്റഡി കൊലപാതകമാണെന്നും ഏറ്റുമുട്ടൽ കൊലപാതകമല്ലെന്നുമാണ് ബന്ധുക്കൾ ഹർജിയിൽ പറഞ്ഞത്. കൊലപാതകത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളിൽ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. പോലീസ് സുപ്രീം കോടതി മാർഗരേഖ പാലിച്ചില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. മൃതദേഹങ്ങൾ സംസ്കരിച്ചോ എന്ന് കോടതി പ്രോസിക്യുഷനോട് ആരാഞ്ഞു. ഇതുവരെ സംസ്കരിച്ചില്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ ഇപ്പോഴുള്ള പുകമറ നീക്കണമെന്ന് പറഞ്ഞ കോടതി, മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കുമോയെന്ന് ചോദിച്ചു. അഞ്ച് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ പൊലീസിന് അനുവാദം നൽകിയ പാലക്കാട് ജില്ലാ കോടതിയുടെ വിധിക്കെതിരെയായിരുന്നു അപ്പീൽ. കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമായിരുന്നു ഹർജിക്കാർ. മൃതദേഹങ്ങൾ സംസ്കാരിക്കാനുള്ള കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാൻ പൊലീസ് കൂടുതൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു. തമിഴ്നാട് – കർണാടക സംസ്ഥാനങ്ങൾക്ക് പുറമെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മറ്റു സംസ്ഥാനങ്ങളുടെ കൂടി സഹായം തേടാനാണ് പൊലീസ് തീരുമാനം. 2015 ല്‍ മാവോയിസ്റ്റുകൾ വനം വകുപ്പ് ഔട്ട്പോസ്റ്റ് കത്തിച്ചതിന്‍റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ മണിവാസകം ഒഴിച്ച് മറ്റു മൂന്നു പേരെയും കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. മറ്റു മൂന്നു പേർ രമ, അരവിന്ദ്, കാർത്തി എന്നിവരാണ് എന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇതിൽ രമയെ തിരഞ്ഞ് ബന്ധുക്കൾ ആരും എത്തിയിട്ടില്ല. കൊല്ലപ്പെട്ടത് മാവോയിസ്റ്റ് പ്രവർത്തക ശോഭ ആണോയെന്നറിയാൻ ശോഭയുടെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളേജിലെത്തിയിരുന്നു.
എന്നാൽ മരിച്ചത് ശോഭയല്ലെന്നറിഞ്ഞതോടെ ഇവർ മടങ്ങി. ഇതോടെയാണ് കർണാടക – തമിഴ്നാട് സംസ്ഥാനങ്ങൾക്ക് പുറമെ മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങൾക്ക് കൂടി പൊലീസ് വിവരം നൽകിയത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുളള ശാസ്ത്രീയ പരിശോധനകളും നടത്തും. മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെയെന്നും ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഭിപ്രായപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിൽ എഴുതിയ ലേഖനം വലിയ കോലാഹലങ്ങൾക്കാണ് ഇന്ന് തിരികൊളുത്തിയത്. പൊലീസ് നടപടിയിൽ കടുത്ത എതിർപ്പുള്ള സിപിഐ ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചു. ലേഖനമെഴുതാൻ ടോം ജോസിന് ആര് അനുവാദം നൽകിയെന്നായിരുന്നു സിപിഐ നേതാക്കളുടെ ചോദ്യം. ചീഫ് സെക്രട്ടറിയാണോ കേരളം ഭരിക്കുന്നതെന്ന സിപിഐയുടെ ചോദ്യം തന്നെയാണ് നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചത്.
ചീഫ് സെക്രട്ടറിയുടെ ലേഖനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ചു. ലേഖനം വായിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. ലേഖനം വിവാദത്തിലായതോടെ കൂടുതൽ പ്രതികരണത്തിന് ചീഫ് സെക്രട്ടറി ടോം ജോസും തയ്യാറായില്ല. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ട് സിപിഐ സംഘം മുഖ്യമന്ത്രിക്ക് കൈമാറി. പക്ഷെ റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷവും വ്യാജ ഏറ്റുമുട്ടലല്ലെന്ന നിലപാടിൽ പിണറായിയും ഉറച്ചുനിൽക്കുകയാണ്.