Above Pot

ഹർത്താൽ ,പോലീസ് നടപടി തുടങ്ങിയപ്പോൾ പരിവാർ സംഘടനകൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനത്തോടനുബന്ധിച്ചു കേരളത്തിൽ ഹർത്താൽ നടത്തുകയും ,അതിന്റെ മറവിൽ അക്രമവും അഴിച്ചു വിട്ട സംഘപരിവാർ സംഘടനകൾ അകപ്പെട്ടത് വൻ പ്രതിസന്ധിയിൽ . ഒരു ഹര്‍ത്താല്‍ നടത്തുമ്ബോള്‍ ഇത്തരമൊരു പ്രത്യാഘാതം ഒരു പക്ഷേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല . കേരളത്തിലെ സമീപ ചരിത്രത്തിലെ ഏറ്റവും ശക്തമായ പൊലീസ് നടപടിയാണ് സംസ്ഥാനത്ത് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ ഇപ്പോള്‍ നേരിടുന്നത്.

രാഷ്ട്രീയപരമായ പിന്‍മാറ്റത്തിന് മാനസികമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുക എന്ന അജണ്ടയാണ് പിണറായി പൊലീസ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് സംഘ പരിവാറിന്റെ ആരോപണം. ഹര്‍ത്താലുമായ ബന്ധപ്പെട്ട ആക്രമണ സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ 90 ശതമാനത്തിലധികവും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്.
37,000 ത്തോളം പേരാണ് വിവിധ കേസുകളിലായി പ്രതികളായിരിക്കുന്നത്. ഇതില്‍ 35,000 ത്തോളം പേരും ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരാണ്. അറസ്റ്റിലായ 6711 പേരില്‍ 894 പേരും റിമാന്റിലാണ്. ഇവരില്‍ മിക്കവര്‍ക്കും നാശനഷ്ടത്തിനു തുല്യമായ തുക കെട്ടിവയ്ക്കാതെ ഇനി ജാമ്യം ലഭിക്കില്ല. ഈ തുക ഉണ്ടാക്കേണ്ടത് സംഘ പരിവാര്‍ നേതൃത്വത്തിന്റെ ബാധ്യതയായി മാറിയിട്ടുണ്ട്. വീടുകളില്‍ നിന്നും ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ സമ്മര്‍ദ്ദവും ഇപ്പോള്‍ നേരിടുന്നുണ്ട്.

Astrologer

ഈ മാസം മൂന്നിനു നടന്ന ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി ശക്തമാക്കിയതോടെ പ്രക്ഷോഭ രംഗത്ത് സജീവമായ പലരും പിന്നോക്കം പോയിരിക്കുകയാണ്.മഹിളാ മോര്‍ച്ച നേതാക്കളെ അടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് സംഘപരിവാര്‍ നേതാക്കളെ സംബന്ധിച്ച്‌ അപ്രതീക്ഷിതമായിരുന്നു. ചാര്‍ജ്ജ് ചെയ്ത മിക്ക കേസുകളിലും കലാപ ശ്രമം, വധശ്രമം, ആയുധം സൂക്ഷിക്കല്‍, സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ ഗൗരവ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ജാമ്യം ലഭിക്കുക അതീവ ദുഷ്‌ക്കരം തന്നെ.
ഇതോടെ ശബരിമല വിഷയത്തില്‍ ഇനി എങ്ങനെ സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് സംഘ പരിവാര്‍ നേതൃത്വം

പ്രധാനമന്ത്രിയും ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ സംസ്ഥാനത്ത് എത്തുന്നുണ്ടെങ്കിലും കേസില്‍ പിടികൂടപ്പെടുമെന്ന ഭയത്തില്‍ പ്രധാന പ്രവര്‍ത്തകരില്‍ മിക്കവരും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇത് സംഘടനാപരമായ മുന്നൊരുക്കങ്ങളെയും ബാധിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തെ തുടര്‍ന്ന് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തോട് ഉടക്കി നില്‍ക്കുകയാണ്.

അതേസമയം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് പുതിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.കോടതിയില്‍ നിന്നും പ്രതികൂല വിധി ഉണ്ടായാല്‍ സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം ജയിലില്‍ പോകേണ്ട സാഹചര്യം ഉണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.
ആക്രമണം സംബന്ധിച്ച ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച്‌ അത് ഗവര്‍ണ്ണര്‍ക്കും കോടതിക്കും നല്‍കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. പഴുതടച്ച ഈ നീക്കത്തെ ബി.ജെ.പി ദേശീയ നേതൃത്വവും ഗൗരവമായി തന്നെയാണ് കാണുന്നത്.

കേരളത്തില്‍ രാഷ്ട്രപതി ഭരണം എന്ന സാഹസത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നാല്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനാണ് എല്ലാ നടപടികളും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ തയ്യാറാക്കുന്നത്.
അതേസമയം ഗുരുതര വകുപ്പുകളില്‍ സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തകരെല്ലാം പെട്ടത് വലിയ പ്രതിസന്ധി സംഘ പരിവാറില്‍ സംഘടനാ തലത്തിലും ഉണ്ടാക്കിയിട്ടുണ്ട്.സാധാരണ ഗതിയില്‍ ഒരു രാഷ്ട്രീയ സമരത്തോട് ഭരണകൂടം സ്വീകരിക്കുന്ന നിലപാടല്ല പിണറായി ഭരണകൂടം സ്വീകരിക്കുന്നതെന്നാണ് നേതാക്കളുടെ ആരോപണം.

കേസുകളെയും ജയിലുകളെയും എതിരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പുതിയ തലമുറയിലെ യുവാക്കളെ കിട്ടാത്ത സാഹചര്യവും സംഘപരിവാര്‍ സംഘടനകള്‍ നേരിടുന്നുണ്ട്. കേരളത്തില്‍ ഉടനെ പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്കു പോലും ഇപ്പോഴില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.
വ്യാപക അറസ്റ്റിനെ തുടര്‍ന്ന് ശബരിമല കര്‍മ്മസമിതി ഉള്‍പ്പെടെ പ്രഖ്യാപിച്ച പല പരിപാടികളും നിലവില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിലും പ്രവര്‍ത്തക പങ്കാളിത്വം വളരെ കുറവായിരുന്നു.

ഇതിനിടെ സമവായത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിച്ച സംഭവത്തിലെ പരാതികള്‍ പിന്‍വലിപ്പിക്കാന്‍ അണിയറയില്‍ സംഘപരിവാര്‍ നേതാക്കള്‍ ഇടപെട്ട് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും അതും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഒരു വിഭാഗം വ്യാപാരികള്‍ ശക്തമായി ഉടക്കി നില്‍ക്കുകയാണ്. പൊലീസും ഈ നീക്കത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Vadasheri Footer