വീടിന് തീവച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഹമീദിന്റെ അറസ്റ്റു രേഖപ്പെടുത്തി
തൊടുപുഴ : ഇടുക്കി ചീനിക്കുഴിയിൽ വീടിന് തീവച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിന്റെ അറസ്റ്റു രേഖപ്പെടുത്തി. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ പിതാവ് എഴുപത്തിയൊൻപതുകാരനായ പ്രതി ഹമീദിന്റെ അറസ്റ്റാണ് ഇടുക്കി എസ്പിയുടെ സാന്നിധ്യത്തിൽ പൊലീസ് രേഖപ്പെടുത്തിയത്.
ആസൂത്രിത കൊലപാതകം, തീവയ്‌പ് വകുപ്പുകളാണ് ചുമത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കു നയിച്ച കാരണം. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച്, രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ശനി പുലർച്ചെ 12.45 ഓടെ, ഉറങ്ങുകയായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളിൽ തീ പടരുന്നതു കണ്ടാണ് ഞെട്ടിയുണർന്നത്. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ രക്ഷപ്പെടാനായില്ല.
കുട്ടികളിൽ ഒരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. രക്ഷതേടി കുടുംബം ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു. അപ്പോഴും മുറിക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച ഹമീദ്, പെട്രോൾ നിറച്ച കുപ്പികൾ മുറിക്കുള്ളിലേക്ക് എറിയുന്നുമുണ്ടായിരുന്നു. ഓടിയെത്തിയ രാഹുൽ പുറത്തുനിന്ന് പൂട്ടിയ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല.
നാലുപേർക്കും കാര്യമായ പൊള്ളലില്ല എന്ന് പൊലീസ് അറിയിച്ചു. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനുശേഷം ബന്ധുവീട്ടിലേക്ക് പോയ ഹമീദിനെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. ഭാര്യ മരിച്ച ശേഷം കുടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാൾ മുൻപാണ് തിരിച്ചെത്തിയത്. അന്നുമുതൽ വസ്തുവിനെചൊല്ലി വീട്ടിൽ വഴക്കായിരുന്നു. മകനെ കത്തിക്കുമെന്ന് ഹമീദ് നാട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.